മാസ്റ്റർ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ദളപതി വിജയിയും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ദളപതി 67. ചിത്രത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്വീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ലെങ്കിലും ലോകേഷ് തന്നെയായിരിക്കും ദളപതി 67 സംവിധാനം ചെയ്യുന്നതെന്ന് ഏകദേശം ഉറപ്പായ കാര്യമാണ്. താൻ അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിൽ ദളപതി വിജയിയായിരിക്കും നായകൻ എന്ന് ലോകേഷ് വ്യക്തമാക്കിയിരുന്നു. എന്നാൽ അത് ദളപതി 67 ആയിരിക്കുമോ എന്ന കാര്യത്തിൽ ആണ് ഇനി സ്ഥിതീകരണം ലഭിക്കാനുള്ളത്.
ദളപതി വിജയിയും ലോകേഷ് കനകരാജും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു കഴിഞ്ഞ വർഷം ആദ്യം പുറത്തിറങ്ങിയ മാസ്റ്റർ. മക്കൾ സെൽവൻ വിജയ് സേതുപതി വില്ലനായി എത്തിയ ചിത്രത്തിൽ മാളവിക മോഹൻ ആയിരുന്നു നായികയായി എത്തിയത്. കോവിഡ് പ്രതിസന്ധിയുടെ ഈ കാലഘട്ടത്തിൽ തിയേറ്ററിലെത്തിയ മാസ്റ്റർ 250 കോടിയിലേറെ രൂപ ആഗോള തലത്തിൽ കളക്ട് ചെയ്തിരുന്നു. തമിഴ് സിനിമ കണ്ട ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായി മാസ്റ്റർ മാറിയിരുന്നു. ഇതിനു ശേഷം ഇവർ ഉദ്ദേശിക്കുന്നത് എന്നതു കൊണ്ടു തന്നെ ദളപതി 67 ന് വലിയ പ്രതീക്ഷകളാണ് ഉള്ളത്.
ഒരു മുഴുനീള ആക്ഷൻ ചിത്രമായിരിക്കും ഇതെന്ന സൂചന ലോകേഷ് നൽകിയിരുന്നു. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ബീസ്റ്റ് ആണ് ദളപതി വിജയിയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം. നിലവിൽ വംഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് വിജയ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. അത് പൂർത്തിയായ ശേഷം ലോകേഷ് ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഉലക നായകൻ കമൽഹാസനെ നായകനാക്കി ഒരുക്കിയ വിക്രം ആണ് ലോകേഷ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ അവസാന സിനിമ. ഈ മാസം മൂന്നിന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഇതിനോടകം തന്നെ ആഗോള തലത്തിൽ മുന്നൂറ് കോടി രൂപയിലേറെ കളക്ഷൻ നേടി കഴിഞ്ഞു.