തമിഴ് സിനിമയിലെ യുവ സംവിധായകന്മാരിൽ ഏറെ ശ്രെദ്ധേയനായ ഒരു സംവിധായകൻ ആണ് ലോകേഷ് കനകരാജ്. തന്റേതായി മേക്കിങ് ശൈലി കൊണ്ട് ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ ലോകേഷിന് കഴിഞ്ഞിട്ടുണ്ട്. മാനഗരം എന്ന ചിത്രമാണ് ലോകേഷ് ആദ്യമായി സംവിധാനം ചെയ്തത്. അതിന് ശേഷം കാർത്തിയെ നായകനാക്കി കൈതി, ദളപതി വിജയിയെ നായകൻ ആക്കി മാസ്റ്റർ ഏറ്റവും ഒടുവിൽ തന്റെ ആരാധന പുരുഷനായ ഉലക നായകൻ കമൽ ഹാസനെ നായകൻ ആക്കി ഒരുക്കിയ വിക്രം എന്നീ ചിത്രങ്ങൾ ആണ് ലോകേഷ് സംവിധാനം ചെയ്ത് ഇതുവരെ റിലീസ് ചെയ്ത സിനിമകൾ.
ആദ്യ ചിത്രമായ മാനഗരം വിജയം ആയപ്പോൾ രണ്ടാം ചിത്രമായ കൈതി വിജയ് ചിത്രം ബിഗിലുമായി ക്ലാഷ് റിലീസ് വെച്ച് നൂറ് കോടി ക്ലബ്ബിൽ ഇടം നേടി. മൂന്നാമത്തെ ചിത്രമായ മാസ്റ്റർ കോവിഡ് പ്രതിസന്ധികൾക്ക് ഇടയിൽ തിയേറ്ററുകളിൽ എത്തി ഇരുന്നൂറ്റി അൻപത് കോടിയിലേറെ കളക്ഷൻ നേടി. അവസാനം ഇറങ്ങിയ വിക്രം ഇതുവരെ മൂന്നൂറ് കോടി രൂപക്ക് മീതെ കളക്ഷൻ നേടി കഴിഞ്ഞു. ഓരോ ചിത്രം കഴിയുമ്പോഴും തന്റെ ഗ്രാഫ് ഉയർത്തി കൊണ്ട് വരുകയാണ് ലോകേഷ് എന്ന സംവിധായകൻ. ദളപതി വിജയിയെ നായകനാക്കി ഒരുക്കുന്ന ദളപതി 67 ആണ് ലോകേഷ് സംവിധാനം ചെയ്യാൻ പോകുന്ന അടുത്ത ചിത്രം.
ഇപ്പോൾ നടിപ്പിൻ നായകൻ സൂര്യയുമായി ഒരു മുഴു നീള ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നതിന്റെ സാധ്യതകളെ പറ്റി തുറന്ന് സംസാരിക്കുകയാണ് ലോകേഷ്. വിക്രത്തിൽ സൂര്യ അഥിതി വേഷത്തിൽ എത്തിയിരുന്നു. വിക്രത്തിന്റെ പ്രൊമോഷൻ പരിപാടിയുടെ ഭാഗമായി നടന്ന ഒരു ഇന്റർവ്യൂവിൽ വെച്ച് അവതാരകൻ ഇന്ത്യൻ സിനിമയിൽ ഒരു സൂപ്പർ ഹീറോ ചിത്രം എടുക്കുവാണേൽ എങ്ങനെയുള്ള സൂപ്പർഹീറോയെ ആയിരിക്കും ക്രീയേറ്റ് ചെയ്യാൻ പോകുന്നത് എന്ന് ചോദിച്ചപ്പോഴാണ് ലോകേഷ് ഇക്കാര്യം പറഞ്ഞത്. സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ട് എന്നും, ഇരുമ്പ് കൈ മായാവി ആണ് ആ ചിത്രം എന്നും ലോകേഷ് പറഞ്ഞു. അത് പിന്നീട് സംഭവിക്കും എന്നും ലോകേഷ് കൂട്ടിച്ചേർത്തു. മാനഗരത്തിന് ശേഷം സംഭവിക്കേണ്ട ചിത്രം ആയിരുന്നു ഇരുമ്പ് കൈ മായാവി എന്നും അന്ന് ഇങ്ങനെ ഒരു സബ്ജെക്ട് ഇത്രയും വലിയ ബഡ്ജറ്റിൽ ചെയ്യാൻ തനിക്ക് ധൈര്യം ഇല്ലായിരുന്നതുകൊണ്ടാണ് അത് പിന്നീട് ചെയ്യാം എന്ന് തീരുമാനം എടുത്തത് എന്നും ലോകേഷ് പണ്ട് പറഞ്ഞിരുന്നു.