ഉലക നായകൻ കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് മാർച്ച് മൂന്നിന് തിയേറ്ററുകളിൽ എത്തിയ ചിത്രം ആണ് വിക്രം. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസൻ തന്നെ നിർമ്മിച്ചിരിക്കുന്ന ചിത്രം കമൽ ഹാസനും ഉദയ്നിധി സ്റ്റാലിനും ചേർന്നാണ് വിതരണത്തിന് എത്തിച്ചത്. ഫഹദ് ഫാസിൽ, വിജയ് സേതുപതി, ചെമ്പൻ വിനോദ്, ഗായത്രി ശങ്കർ, നരെയ്ൻ, സ്വാതിസ്ത കൃഷ്ണൻ, കാളിദാസ് ജയറാം, അർജുൻ ദാസ്, ഹരീഷ് പേരടി, ഹരീഷ് ഉത്തമൻ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം ഇതിനോടകം തന്നെ ആഗോള തലത്തിൽ ഇരുന്നൂറ്റി അൻപത് കോടി രൂപയിലേറെ കളക്ഷൻ നേടി കഴിഞ്ഞു.
ഇപ്പോൾ വിക്രം സിനിമയുടെ കഥാതന്തു ദളപതി വിജയിയുടെ ഒരു സിനിമയിൽ നിന്ന് കോപ്പി അടിച്ചത് ആണെന്ന് പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് ഒരു വിജയ് ആരാധകൻ. വിജയ് ആരാധകൻ ആയ തമിഴ്നാട് സ്വദേശി എസ് നാഗരാജു ആണ് ഇത് പറഞ്ഞു തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ഇട്ടത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ, “വിക്രം കണ്ടു, വളരെ മികച്ച ഒരു ചിത്രം. ഒരുപാട് ഇഷ്ടമായി. അഭിനയിച്ചവർ എല്ലാവരും മികച്ച പ്രകടനം ആണ് കാഴ്ച്ച വെച്ചത്. കമൽ സർ, സേതുപതി അണ്ണൻ, ഫഹദ് സർ, സൂര്യ അണ്ണൻ അങ്ങനെ സിനിമയിൽ അഭിനയിച്ചവർ എല്ലാം നന്നായിരുന്നു. എന്നാൽ സിനിമ കണ്ടപ്പോൾ എനിക്ക് വിജയ് അണ്ണന്റെ തെരി സിനിമയുടെ കഥയുമായി നല്ല സാമ്യം തോന്നി. തെരിയിൽ വിജയ് കുമാർ ഐ പി എസ് എന്ന വിജയ് കഥാപാത്രത്തിന് തന്റെ അമ്മയേയും ഭാര്യയെയും നഷ്ടപ്പെടുന്നു. പിന്നീട് തന്റെ മകളുടെ സുരക്ഷക്ക് വേണ്ടി അയാൾ തന്റെ മരണം ഫേക്ക് ചെയ്യുന്നു. അവസാനം തന്റെ എതിരാളികൾ താൻ മരിച്ചിട്ടില്ല എന്ന് കണ്ടു പിടിച്ചു എന്ന് അറിയുമ്പോൾ അയാൾ പ്രതികാരം ചെയ്യാൻ ഇറങ്ങുന്നു.
ഈ ഒരു കഥാസന്ദർഭം തന്നെ കുറച്ച് മാറ്റങ്ങളോടെ അവതരിപ്പിച്ചത് ആണ് വിക്രം. ഇന്ത്യയുടെ ഒരു രഹസ്യാന്വേഷണ ഏജന്റ് ആയ വിക്രം തന്റെ മകന്റെ സുരക്ഷക്ക് വേണ്ടി പേര് മാറ്റി ഒളിച്ചു താമസിക്കുന്നു. മകന്റെ മരണ ശേഷം ചെറുമകന്റെ സുരക്ഷക്ക് വേണ്ടി തന്റെ മരണം ഫേക്ക് ചെയ്ത് മകന്റെ മരണത്തിന് കാരണം ആയവരോട് പ്രതികാരം ചെയ്യുന്നു. പിന്നീട് താൻ മരിച്ചിട്ടില്ല എന്ന് ശത്രുക്കളുടെ മുൻപിൽ പറയേണ്ടി വരുന്ന വിക്രം അവരെയെല്ലാം കൊല്ലുന്നു. വിക്രം കണ്ടപ്പോൾ എനിക്ക് ആദ്യം ഓർമ വന്നത് തെരിയാണ്. രണ്ടും തമ്മിൽ ഒരുപാട് സാമ്യം ഉണ്ട്. വിക്രത്തിന്റെ കഥാസന്ദർഭം തെരിയുടെ കോപ്പി ആണ്. എന്നിരുന്നാൽ തന്നെ രണ്ട് ചിത്രങ്ങളും അതിന്റെതായ രീതിയിൽ മികച്ചവയാണ്”.