തമിഴ് സിനിമയിലെ ഏറെ ശ്രദ്ധേയനായ യുവ സംവിധായകനാണ് ലോകേഷ് കനകരാജ്. മാനഗരം എന്ന ചിത്രമാണ് ലോകേഷ് ആദ്യമായി സംവിധാനം ചെയ്തത്. അതിനുശേഷം കാർത്തിയെ നായകനാക്കി ഒരുക്കിയ കൈതി, ദളപതി വിജയ് നായകനാക്കി ഒരുക്കിയ മാസ്റ്റർ എന്നീ ചിത്രങ്ങൾ വലിയ വിജയമായി മാറിയതോടെ തമിഴ് സിനിമയിലെ വിലപിടിപ്പുള്ള സംവിധായകന്മാരിൽ ഒരാൾ ആയി മാറി ലോകേഷ്. തന്റെ ആരാധന പുരുഷനായ ഉലകനായകൻ കമൽഹാസനെ നായകനാക്കി ലോകേഷ് ഒരുക്കിയ വിക്രം എന്ന ചിത്രം ഈ മാസം മൂന്നാം തീയതിയാണ് തിയേറ്ററുകളിലെത്തിയത്. കമൽഹാസനെ കൂടാതെ വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ നടിപ്പിൻ നായകൻ സൂര്യ അതിഥി വേഷത്തിൽ എത്തിയിരുന്നു.
രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസൻ തന്നെ ആണ് വിക്രം നിർമ്മിച്ചിരിക്കുന്നത്. കാളിദാസ് ജയറാം, നരെയ്ൻ, അർജുൻ ദാസ്, ശിവാനി നാരായണൻ, ഗായത്രി ശങ്കർ, ഹരീഷ് ഉത്തമൻ, ചെമ്പൻ വിനോദ് ജോസ് തുടങ്ങിയ ഒട്ടേറെ താരങ്ങൾ അഭിനയിച്ചിട്ടുള്ള ചിത്രത്തിന്റെ സംഗീതം അനിരുധ് രവിചന്ദ്രറും ഛായഗ്രഹണം കൈകാര്യം ഗിരീഷ് ഗംഗാദരനും ആണ് കൈകാര്യം ചെയ്തിരിക്കുന്നത്. കമൽ ഹാസനും ഉദയനിധി സ്റ്റാലിനും ചേർന്നാണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്. തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ഈ ചിത്രം ആഗോള തലത്തിൽ നിന്ന് ഇതുവരെ ഇരുന്നൂറ്റി അൻപത് കോടി രൂപയിലേറെ കളക്ഷൻ നേടി കഴിഞ്ഞു.
ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലോകേഷ് കനകരാജ് പറഞ്ഞ കാര്യമാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു കഥാപാത്രത്തെ വച്ചു ഫിലിം സീരീസ് എടുക്കാൻ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചപ്പോൾ തീർച്ചയായും ആഗ്രഹം ഉണ്ട്, എന്നാൽ അത് എത്ര മാത്രം സാധ്യമാകും എന്ന് അറിയില്ല. ഞാൻ ഈ ഇടക്ക് കേട്ടു മമ്മൂട്ടി സർ മലയാളത്തിൽ ഇങ്ങനെ ഒരു സിനിമ ചെയ്തിട്ടുണ്ട് എന്ന്, ഈ അടുത്ത് കൂടെ അതിന്റെ ഒരു പാർട്ട് റിലീസ് ആയെന്ന് കേട്ടു, എന്റെ അസിസ്റ്റന്റ് ഡയറക്ടറിൽ ഒരാളാണ് എന്നോട് ഇത് പറഞ്ഞത്. എനിക്കും അതുപോലെ ഒരു കഥാപാത്രത്തെ വെച്ച് ഫിലിം സീരീസ് ചെയ്യാൻ അതിയായ ആഗ്രഹം ഉണ്ട്, എപ്പോഴേലും സംഭവിക്കുമായിരിക്കും എന്നാണ് ലോകേഷ് കനകരാജ് പറഞ്ഞത്.