ഇന്ത്യൻ സിനിമ ലോകം കാത്തിരുന്ന ഒരു വിവാഹം ആയിരുന്നു ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടേത്. ഏഴ് വർഷത്തെ നീണ്ട പ്രണയത്തിന് ഒടുവിൽ ലേഡി സൂപ്പർസ്റ്റാറിന്റെ വിവാഹം ഇപ്പോൾ കഴിഞ്ഞിരിക്കുകയാണ്. സംവിധായകനും ഗാന രചയിതാവും ആയ വിഘ്നേഷ് ശിവൻ ആണ് വരൻ. വിഘ്നേഷ് ശിവൻ നയൻതാരയെയും വിജയ് സേതുപതിയെയും നായിക നായകന്മാരാക്കി ഒരുക്കിയ നാനും റൗഡി താൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആണ് ഇരുവരും പരിചയത്തിൽ ആകുന്നതും തുടർന്ന് ആ പരിചയം പ്രണയത്തിലേക്ക് വഴി മാറുന്നതും. മഹാബലിപൂരത്തെ ഒരു സ്വകാര്യ റിസോർട്ടിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കൾളെയും മാത്രമേ വിവാഹത്തിന് ക്ഷണിച്ചിട്ടുള്ളൂ. ഇന്ത്യൻ സിനിമയിലെ ഒട്ടേറെ പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തു.
ഷാരുഖ് ഖാൻ, അറ്റ്ലീ, രജനികാന്ത്, വിജയ് സേതുപതി, കാർത്തി, മണി രത്നം, ശരത് കുമാർ, ശിവ, അനിരുധ് തുടങ്ങി ഇന്ത്യൻ സിനിമയിലെ പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. വിവാഹത്തിന്റെ സംപ്രേഷണ അവകാശം നേരത്തെ നെറ്റ്ഫ്ളിക്സ് റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയിരുന്നു. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആണ് നെറ്റ്ഫ്ളിക്സിന് വേണ്ടി വിവാഹ ചടങ്ങുകൾ ചിത്രീകരിക്കുന്നത്.
മലയാള സിനിമ രംഗത്ത് നിന്ന് ജനപ്രിയ നായകൻ ദിലീപ് വിവാഹം ചടങ്ങിൽ പങ്കെടുത്തു. നയൻതാരയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ദിലീപ്. പ്രണയ ജോടികളെ മനസ്സു നിറഞ്ഞ് അനുഗ്രഹിച്ചതിന് ശേഷമാണ് ജനപ്രിയ നായകൻ മടങ്ങിയത്. മലയാള സിനിമ രംഗത്ത് നിന്ന് ദിലീപിനെ മാത്രമേ വിവാഹ ചടങ്ങുകൾക്ക് ക്ഷണിച്ചിട്ടോളൂ എന്നാണ് സൂചന. മറ്റാരും വന്നതായിട്ടുള്ള വാർത്തകളോ ചിത്രങ്ങളോ പുറത്ത് വന്നിട്ടില്ല. ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഇനിയും ഒരുപാട് സെലിബ്രിറ്റികൾ എത്തും എന്നാണ് വിവരം.
വിവാഹം നടക്കുന്ന റിസോർട്ടിന് ചുറ്റും കനത്ത സുരക്ഷ ആണ് ഒരുക്കിയിരിക്കുന്നത്. വിവാഹത്തിന് ക്ഷണം ഇല്ലാത്ത ആർക്കും ആ പരിസരത്തേക്ക് പ്രവേശനം ഇല്ല. മാധ്യമങ്ങൾക്കും റിസോർട്ടിൽ പ്രവേശനം അനുവദിച്ചിട്ടില്ല. മാധ്യമ പ്രവർത്തകർക്കും സിനിമയിലെ സഹ പ്രവർത്തകർക്കും ജൂൺ 11 ന് വിരുന്ന് സൽക്കാരം ഉണ്ട് എന്ന് വിഘ്നേഷ് ശിവൻ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തിൽ വെച്ച് ജൂൺ പതിനൊന്നിന് ഇരുവരും ഒന്നിച്ചു മാധ്യമങ്ങളെ കാണുമെന്നും വിഘ്നേഷ് അറിയിച്ചിട്ടുണ്ട്.