ബോളിവുഡിലെ ശ്രദ്ധേയയായ നടിയാണ് കങ്കണ. ഒട്ടേറെ തവണ മികച്ച നടിക്കുള്ള നാഷണൽ ഫിലിം അവാർഡ് നേടിയിട്ടുള്ള വ്യക്തി കൂടിയാണ് കങ്കണ. പക്ഷെ കഴിഞ്ഞ കുറെ നാളുകൾ ആയി താരത്തിന്റേതായി റിലീസ് ചെയ്യുന്ന ചിത്രങ്ങൾ എല്ലാം തന്നെ പരാജയം ആയി മാറുകയാണ് പതിവ്. അവസാനം റിലീസ് ചെയ്ത ധാക്കഡ് എന്ന ചിത്രം കരിയറിലെ ഏറ്റവും വലിയ പരാജയം ആയി മാറി. ഏറെ പ്രതീക്ഷയോടെ റിലീസിന് എത്തിയ ചിത്രം ആയിരുന്നു ധാക്കഡ്. ഈ ചിത്രത്തിന്റെ പരാജയം താരത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞ മാസം ഇരുപതാം തീയതി തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ആകെ നേടിയത് രണ്ട് കോടി രൂപ മാത്രമാണ്. ചിത്രത്തിന്റെ നിർമ്മാണ ചിലവ് നൂറ് കോടിക്ക് അടുത്ത് ആണ്. കങ്കണയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയം ആണ് ഇത്. റിലീസ് ചെയ്തു ആദ്യ ദിവസം മുതൽ മോശം അഭിപ്രായം ആണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഒപ്പം ഇറങ്ങിയ ഭൂൽ ഭൂലയ്യ രണ്ടാം ഭാഗത്തിന് മികച്ച അഭിപ്രായങ്ങൾ കൂടി വന്നതോടെ ധാക്കഡിന്റെ പതനം പൂർത്തി ആയി. കങ്കണയുടെ കരിയറിലെ തുടർച്ചയായ എട്ടാമത്തെ ചിത്രമാണ് ബോക്സ് ഓഫിസിൽ പരാജയപ്പെടുന്നത്.
ഇപ്പോൾ ധാക്കഡ് പരാജയപ്പെട്ടതിനെ തുടർന്ന് തനിക്ക് നേരെ ഉണ്ടായ പരിഹാസങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് കങ്കണ. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി വഴിയാണ് കങ്കണ ഇതിന് എതിരെ പ്രതികരിച്ചത്. കങ്കണ പറയുന്നത് ഇങ്ങനെ, “2019 ൽ ഞാൻ എന്റെ മണി കർണിക എന്ന ചിത്രം സൂപ്പർഹിറ്റ് ആക്കി, 2020 ൽ കോവിഡ് വന്നത് കൊണ്ട് ഒരു ചിത്രവും ഇല്ലായിരുന്നു. 2021 ൽ എന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായ തലൈവി ഒ ടി ടിയിൽ റിലീസ് ചെയ്ത് വമ്പൻ വിജയം കരസ്ഥമ്മാക്കി. എനിക്ക് എതിരെ ഒരുപാട് പരിഹാസങ്ങളും വിമർശനങ്ങളും ഞാൻ കാണുന്നു. 2022 ൽ ഞാൻ ലോക്ക് അപ്പ് എന്ന ഹിറ്റ് ഷോ അവതരിപ്പിക്കുന്നു. ആ ഷോ ഇതുവരെ അവസാനിച്ചിട്ടില്ല. എനിക്ക് എന്റെ കരിയറിൽ നല്ല പ്രതീക്ഷകൾ ഉണ്ട്. സൂപ്പർസ്റ്റാർ കങ്കണ ബോക്സ് ഓഫീസിന്റെ രാജ്ഞിയാണ്”. കങ്കണയെ സപ്പോർട്ട് ചെയ്ത് നിരവധി ആരാധകർ ആണ് രംഗത്ത് വന്ന് കൊണ്ടിരിക്കുന്നത്.