ഉലകനായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് ജൂൺ മൂന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആണ് വിക്രം. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസൻ തന്നെ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കമൽ ഹാസനെ കൂടാതെ വിജയ് സേതുപതി, ഫഹദ് ഫാസിൽ, കാളിദാസ് ജയറാം, നരെയ്ൻ, അർജുൻ ദാസ്, ശിവാനി നാരായണൻ, ഗായത്രി ശങ്കർ, ഹരീഷ് ഉത്തമൻ, ചെമ്പൻ വിനോദ് ജോസ് തുടങ്ങിയ ഒട്ടേറെ താരങ്ങൾ അഭിനയിച്ചിട്ടുള്ള ചിത്രത്തിൽ നടിപ്പിൻ നായകൻ സൂര്യ അഥിതി വേഷത്തിലും എത്തിയിട്ടുണ്ട്. അനിരുധ് രവിചന്ദ്രർ സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് ഗിരീഷ് ഗംഗാദരൻ ആണ്. കമൽ ഹാസനും ഉദയനിധി സ്റ്റാലിനും ചേർന്നാണ് ചിത്രം വിതരണത്തിന് എത്തിച്ചത്.

മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് റിലീസ് ദിവസം മുതൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും മികച്ച വരവേൽപ്പ് ആണ് ചിത്രത്തിന് ലഭിച്ചത്. ഇത് വരെ മൂന്ന് ദിവസം കൊണ്ട് ആഗോള തലത്തിൽ ചിത്രം നേടിയത് നൂറ്റി അൻപത് കോടി രൂപക്ക് മേലെ ആണ്. കേരളത്തിൽ നിന്ന് മാത്രം ചിത്രം ഇതുവരെ ഇരുപത് കോടിക്ക് അടുത്ത് നേടിക്കഴിഞ്ഞു. കോവിഡിന് ശേഷം കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രം ആയി മാറിയിരിക്കുകയാണ് വിക്രം ഇപ്പോൾ. ദളപതി വിജയ് നായകൻ ആയെത്തിയ മാസ്റ്റർ ആയിരുന്നു കോവിഡിന് ശേഷം കേരളത്തിൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാമത്. അതിനെ ആണ് ഇപ്പോൾ വിക്രം മറികടന്നത്. രണ്ട് ചിത്രങ്ങളുടെയും സംവിധായകൻ ലോകേഷ് കനകരാജ് ആണെന്ന് ഉള്ളതാണ് മറ്റൊരു രസകരമായ വസ്തുത.

ഈ നിലയിൽ പോവുകയാണെങ്കിൽ കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രം ആയി വിക്രം മാറും. ആഗോള തലത്തിൽ മൂന്നൂറ് കോടിക്ക് മീതെ ചിത്രം കളക്ട് ചെയ്യും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായം.
