ഉലകനായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് ഇന്ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആണ് വിക്രം. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസൻ തന്നെ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കമൽ ഹാസനെ കൂടാതെ വിജയ് സേതുപതി, ഫഹദ് ഫാസിൽ, കാളിദാസ് ജയറാം, നരെയ്ൻ, അർജുൻ ദാസ്, ശിവാനി നാരായണൻ, ഗായത്രി ശങ്കർ, ഹരീഷ് ഉത്തമൻ, ചെമ്പൻ വിനോദ് ജോസ് തുടങ്ങിയ ഒട്ടേറെ താരങ്ങൾ അഭിനയിച്ചിട്ടുള്ള ചിത്രത്തിൽ നടിപ്പിൻ നായകൻ സൂര്യ അഥിതി വേഷത്തിലും എത്തിയിട്ടുണ്ട്. അനിരുധ് രവിചന്ദ്രർ സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് ഗിരീഷ് ഗംഗാദരൻ ആണ്. കമൽ ഹാസനും ഉദയനിധി സ്റ്റാലിനും ചേർന്നാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
ലോകേഷിന്റെ തന്നെ സിനിമയായ കൈതിയുടെ കഥാപശ്ചാത്തലം തന്നെയാണ് വിക്രത്തിനും. മയക്കുമരുന്ന് മാഫിയയുടെ കോടികൾ വില വരുന്ന മയക്കുമരുന്നുകൾ പോലീസ് സീസ് ചെയ്യുന്നു. ഇതിനെ തുടർന്ന് മയക്കുമരുന്ന് വേട്ട നടത്തിയ ഉദ്യോഗസ്ഥൻ അടക്കം കുറെ ആളുകൾ കൊല്ലപ്പെടുന്നു. ഈ കൊലപാതകങ്ങൾ അന്വേഷിക്കാൻ അമർ എന്ന ഉദ്യോഗസ്ഥൻ എത്തുന്നതും അന്വേഷണം കമൽഹാസൻ അവതരിപ്പിക്കുന്ന കർണ്ണൻ/വിക്രം എന്ന കഥാപാത്രത്തിലേക്ക് എത്തുന്നതും പിന്നീടുള്ള മാഫിയകളുടെയും പോലീസിൽ ചിലരുടെയും വിക്രത്തിന്റെയും ഗാങ്ങിന്റെയും സംഘർഷങ്ങളും അവർ തമ്മിൽ ഉള്ള പോരും ആണ് വിക്രം പറയുന്നത്.
ആദ്യ ദിനത്തിൽ ചിത്രം കേരളത്തിൽ നിന്ന് മാത്രം നേടിയത് അഞ്ച് കോടിക്ക് മുകളിൽ ആണ്. ഒരു വിജയ് സിനിമക്ക് അല്ലാതെ വേറെ ഒരു തമിഴ് ചിത്രം കേരളത്തിൽ നിന്ന് ആദ്യ ദിനത്തിൽ അഞ്ച് കോടിക്ക് മുകളിൽ കളക്ഷൻ നേടുന്നത് ഇത് ആദ്യമായാണ്. വമ്പൻ ഹൈപ്പിൽ എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായങ്ങൾ വന്നു കൊണ്ടിരിക്കുന്ന സ്ഥിതിക്ക് കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് ചിത്രം ആയി മാറുവാനും സാധ്യത കൂടുതൽ ആണ്.