മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. മലയാള സിനിമ എന്നല്ല ലോക സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ. അതിൽ ഒരു തർക്കവും ഇല്ല. ഐഎംഡിബി ലിസ്റ്റ് പ്രകാരം ലോക സിനിമയിലെ മികച്ച നടന്മാരുടെ പട്ടികയിൽ ഏഴാം സ്ഥാനത്ത് ആണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിലെ വേറെ ഒരു നടനും ആദ്യ പത്തിൽ ഇടം പിടിച്ചിട്ടില്ല എന്നതും ശ്രെദ്ധേയമാണ്.
മലയാള സിനിമാ ലോകത്ത് ഏറെ ശ്രദ്ധേയനായ ഒരു സംവിധായകനാണ് ജീത്തു ജോസഫ്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അദ്ദേഹം സിനിമകൾ ഒരുക്കിയിട്ടുണ്ട്. സുരേഷ് ഗോപിയെ നായകൻ ആക്കി ഒരുക്കിയ ഡിക്ടറ്റീവ് എന്ന ചിത്രത്തിലൂടെയാണ് ജീത്തു ജോസഫ് സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് മമ്മി ആൻഡ് മി, മൈ ബോസ്സ് എന്നീ ചിത്രങ്ങൾ തിരക്കഥ എഴുതി സംവിധാനം ചെയ്തുവെങ്കിലും പൃഥ്വിരാജ് നായകനായ മെമ്മറീസ്, മോഹൻലാൽ നായകനായ ദൃശ്യം എന്നീ ചിത്രങ്ങളിലൂടെയാണ് ജീത്തു ഏറെ ശ്രദ്ധ നേടുന്നത്. ദൃശ്യം എന്ന സിനിമ അതുവരെ മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ വിജയചിത്രം ആയി മാറിയിരുന്നു. മലയാള സിനിമാ ചരിത്രത്തിലെ ആദ്യ 50 കോടി ചിത്രം കൂടിയായിരുന്നു ദൃശ്യം.
പിന്നീട് ജിത്തുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ലൈഫ് ഓഫ് ജോസൂട്ടി, ഊഴം, മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി തുടങ്ങിയ ചിത്രങ്ങൾ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എങ്കിലും ഒരു തവണ കാണാൻ പറ്റുന്ന ചിത്രങ്ങൾ ആയിരുന്നു. പിന്നീട് കഴിഞ്ഞ വർഷം ദൃശ്യത്തിന്റെ രണ്ടാംഭാഗമായ ദൃശ്യം ടു വലിയ വിജയമായി മാറിയതോടെ ജീത്തു വീണ്ടും പഴയ ട്രാക്കിൽ വന്നു. കഴിഞ്ഞ ദിവസം ഹോട്ട് സ്റ്റാർ വഴി പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം 12ത് മാൻ ആണ് ജിത്തു സംവിധാനം ചെയ്ത പുറത്തു വന്ന അവസാന സിനിമ. ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ കൂമൻ എന്ന ചിത്രം ആണ് ജിത്തുവിന്റെ സംവിധാനത്തിൽ ഇനി പുറത്തിറങ്ങാനുള്ളത്.
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുമെന്ന് 2019 അവസാനം പ്രഖ്യാപിച്ച ചിത്രം ആണ് റാം. ഒരു ആക്ഷൻ ത്രില്ലെർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത്, ദുർഗ കൃഷ്ണ, ശാന്തി പ്രിയ, ചന്ദുനാഥ് തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ പാതി ചിത്രീകരണം നേരത്തെ പൂർത്തിയായത് ആണ്. തുടർന്നുള്ള ഷൂട്ടിംഗ് ആരംഭിക്കാനിരിക്കെ കോവിഡ് പ്രതിസന്ധികൾ മൂലം ചിത്രം നിർത്തിവെക്കുകയായിരുന്നു. ഈ മാസം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.