ഇന്ത്യൻ സിനിമ പ്രേക്ഷകർ പ്രായ ഭേദമന്യേ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് കിങ് ഖാൻ ഷാരുഖ് ഖാനെ നായകനാക്കി അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രം. ലേഡി സൂപ്പർസ്റ്റാർ നയൻതാര ആണ് ചിത്രത്തിൽ ഷാരുഖ് ഖാന്റെ നായികയായി എത്തുന്നത്. ലേഡി സൂപ്പർസ്റ്റാർ നയൻതാരയും കിങ് ഖാൻ ഷാരുഖ് ഖാനും ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട്. നീണ്ട നാല് വർഷക്കാലമായി ഒരു ഷാരുഖ് ഖാൻ ചിത്രം റിലീസ് ചെയ്തിട്ട്. 2018 ൽ പുറത്ത് വന്ന സീറോ എന്ന ചിത്രമാണ് ഷാരുഖ് അഭിനയിച്ച് പുറത്ത് വന്ന അവസാന ചിത്രം. ഈ അറ്റ്ലീ ചിത്രത്തിലൂടെ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുകയാണ് ഇപ്പോൾ ഷാരുഖ് ഖാൻ.
ചിത്രത്തിൽ ഷാരുഖ് ഖാൻ ഇരട്ട വേഷത്തിൽ ആകും എത്തുക എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അച്ഛനും മകനും ആയി രണ്ട് വേഷങ്ങളിൽ ഷാരുഖ് എത്തും. സീനിയർ റോ ഓഫീസർ ആയി അച്ഛൻ എത്തുമ്പോൾ ഒരു ഗാങ്സ്റ്ററായാണ് മകൻ കഥാപാത്രം എത്തുന്നത് എന്നാണ് സ്ഥിതീകരിക്കാത്ത വിവരങ്ങൾ. ഒരു അന്വേഷണ ഉദ്യോഗസ്ഥയായാണ് ലേഡി സൂപ്പർസ്റ്റാർ ചിത്രത്തിൽ അഭിനയിക്കുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ജവാൻ എന്നാണ് ചിത്രത്തിന്റെ പേര് എന്നാണ് സൂചന. ഒരു പ്രമുഖ ഓൺലൈൻ മാധ്യമം ആണ് ഈ പേര് പുറത്ത് വിട്ടത്. ചിത്രത്തിന്റെ ടീസർ ഉടൻ പുറത്ത് വരുമെന്നാണ് സിനിമയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
അതേസമയം ഷാരുഖ് ഖാന്റെ ഇനി തിയേറ്ററിൽ റിലീസ് ചെയ്യാൻ പോകുന്ന ആദ്യ ചിത്രം പത്താൻ ആയിരിക്കും. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വർഷം ആദ്യം തിയേറ്ററുകളിൽ എത്തും. ദീപിക പദുക്കോൺ ആണ് ചിത്രത്തിൽ നായികയയെത്തുന്നത്. ജോൺ എബ്രഹവും ചിത്രത്തിൽ ഉണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. സൽമാൻ ഖാനും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.