ശിവകാർത്തികേയനെ നായകൻ ആക്കി നവാഗതനായ സിബി ചക്രവർത്തി തിരക്കഥ എഴുതി സംവിധാനം ചെയ്ത് മെയ് 13 ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഡോൺ. ഒരു കോമഡി എന്റർടൈൻർ ആയി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ എസ് ജെ സൂര്യ, സമുദ്രക്കനി, പ്രിയങ്ക അരുൾ മോഹൻ, സൂരി, ശിവാങ്കി കൃഷ്ണകുമാർ തുടങ്ങി ഒട്ടേറെ താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. ഷിബു തമ്മീൻസിന്റെ എച്ച് ആർ പിക്ചർസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. ചിത്രത്തിന് കേരളത്തിലും മികച്ച പ്രതികരണങ്ങൾ ആണ് ലഭിച്ചത്.

സൂപ്പർ ഹിറ്റ് സംവിധായകൻ അറ്റ്ലീയുടെ ശിഷ്യൻ ആയിരുന്ന സിബി ചക്രവർത്തിയുടെ ആദ്യ സംവിധാന സംരംഭം ആണ് ഡോൺ. തന്റെ ആദ്യ ചിത്രം തന്നെ എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ഒരുക്കാൻ സിബിക്ക് സാധിച്ചു. ചിത്രം കണ്ട ശേഷം സൂപ്പർ സ്റ്റാർ രജനികാന്ത് അടക്കം ഉള്ള പ്രമുഖർ സംവിധായകൻ സിബി ചക്രവർത്തിയേയും നായകൻ ശിവകാർത്തികേയനേയും പ്രശംസിച്ച് രംഗത്ത് വന്നിരുന്നു.

ഇപ്പോൾ റിലീസ് ചെയ്ത് പന്ത്രണ്ട് ദിവസം കൊണ്ട് ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ്. ഇതിന് മുമ്പ് റിലീസ് ചെയ്ത ശിവകാർത്തികേയൻ ചിത്രം ഡോക്ടറും നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. തുടർച്ചയായി രണ്ട് നൂറ് കോടി ചിത്രങ്ങൾ വഴി തന്റെ സൂപ്പർസ്റ്റാർ പട്ടം ഏതാണ്ട് അരക്കിട്ട് ഉറപ്പിക്കുക ആണ് ശിവകാർത്തികേയൻ. തന്റെ ആദ്യ ചിത്രം തന്നെ നൂറ് കോടി കളക്ഷൻ നേടി എന്നതിൽ സംവിധായകൻ സിബി ചക്രവർത്തിക്കും അഭിമാനിക്കാം. ഒരുപിടി മികച്ച ചിത്രങ്ങൾ ആണ് ശിവകാർത്തികേയന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.