മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകൻ ആക്കി മുരളി ഗോപിയുടെ തിരക്കഥയിൽ പ്രിത്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് 2019 മാർച്ച് 28 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ആണ് ലൂസിഫർ. ബോളിവുഡ് താരം വിവേക് ഒബ്രോയ് വില്ലൻ ആയെത്തിയ ചിത്രത്തിൽ മഞ്ജു വാര്യർ, സായി കുമാർ, നന്ദു, ഫാസിൽ, പ്രിത്വിരാജ്, ഇന്ദ്രജിത്, ശിവദ, സാനിയ ഇയ്യപ്പൻ, നൈല ഉഷ, ബൈജു സന്തോഷ്, കലാഭവൻ ഷാജോൺ തുടങ്ങിയ വൻ താരനിരയും അഭിനയിച്ചിട്ടുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഉള്ള കാത്തിരിപ്പിൽ ആയിരുന്നു സിനിമ പ്രേമികളും മോഹൻലാൽ ആരാധകരും കഴിഞ്ഞ മൂന്ന് വർഷങ്ങളായി. ഇപ്പോൾ അതിന് വിരാമം ആയിരിക്കുക ആണ്. മലയാള സിനിമയിലെ ഏറ്റവും വലിയ പണം വാരി ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ തിരക്കഥ രചന മുരളി ഗോപി പൂർത്തിയാക്കിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുരളി ഗോപി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംവിധായകൻ പ്രിത്വിരാജ് ഈ പോസ്റ്റിന് കമന്റ് ഇട്ട് രംഗത്ത് വന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് 2023 ൽ ആരംഭിക്കും എന്ന സൂചനയും കമന്റിലൂടെ പ്രിത്വിരാജ് നൽകി.

മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ വിജയം ആയി മാറിയ ലൂസിഫർ ആഗോള തലത്തിൽ കളക്ഷൻ ആയി നേടിയത് ഏകദേശം ഇരുന്നൂറ് കോടി രൂപയോളം ആണ്. ഒരു മലയാള സിനിമക്ക് കിട്ടുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് ഇത്. ഇങ്ങനെ ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകരും സിനിമാസ്വാദകരും.