ദളപതി വിജയിയെ നായകനാക്കി വംഷി സംവിധാനം ചെയ്യുന്ന ചിത്രം ആണ് ദളപതി 66. രഷ്മിക മന്ദാന ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് പ്രശസ്ത നിർമ്മാതാവ് ദിൽ രാജു ആണ്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ മാസം ആദ്യം നടന്നിരുന്നു. ഇപ്പോൾ സിനിമയുടെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ദളപതി വിജയിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയായാണ് ദളപതി 66 ഒരുങ്ങുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ ക്രൂവിൽ ഉണ്ടായിരുന്ന സംവിധായകൻ രാജു മുരുഗൻ ചിത്രത്തിൽ നിന്ന് പിന്മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ അഡിഷണൽ സ്ക്രീൻ റൈറ്റർ ആയാണ് രാജു മുരുഗൻ ക്രൂവിൽ ഉണ്ടായിരുന്നത്. ജോക്കർ എന്ന സിനിമയുടെ സംവിധായകൻ ആണ് രാജു മുരുഗൻ. ഇപ്പോൾ രാജു മുരുകന് പകരം ലിറിക്സ്റ്റ് വിവേക് ദളപതി 66ന്റെ ഭാഗമായി എന്നാണ് റിപ്പോർട്ട്. രാജു മുരുകനും വംഷിയും നേരത്തെ തോഴാ എന്ന കാർത്തി-നാഗാർജ്ജുന ചിത്രത്തിൽ ഒരുമിച്ച് വർക്ക് ചെയ്തിരുന്നു. കാർത്തിയെയും വിജയ് സേതുപതിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ചെയ്യാൻ പോകുന്ന സിനിമ ഉടൻ ചിത്രീകരണം തുടങ്ങേണ്ടതിനാലാണ് രാജു മുരുഗൻ ദളപതി 66ൽ നിന്ന് പിന്മാറിയത് എന്നാണ് വിവരം. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം പാൻ ഇന്ത്യൻ റിലീസ് ആയാണ് ഒരുങ്ങുന്നത് എന്നാണ് സൂചന.

കോവിഡ് പ്രതിസന്ധികൾ മൂലം ദളപതി 66 ഷൂട്ടിംഗ് വൈകിയതും തന്റെ പുതിയ ചിത്രങ്ങൾ ഉടൻ തുടങ്ങേണ്ടത് കൊണ്ടും ഒന്നിലധികം വലിയ ചിത്രങ്ങളിൽ ഒരേ സമയം പ്രവർത്തിക്കാൻ ബുദ്ധിമുട്ടായതിനാലുമാണ് രാജു മുരുഗൻ ദളപതി 66ൽ നിന്ന് പിന്മാറിയത് എന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.