പ്രിത്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാരീഷ് മുഹമ്മദിന്റെ തിരക്കഥയിൽ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് ഏപ്രിൽ 28 ന് ലോകമെമ്പാടും ഉള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആണ് ജനഗണമന. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കി വമ്പൻ വിജയം ആയി മാറിയ ക്വീൻ എന്ന സിനിമക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം ആണ് ജനഗണമന.

വളരെ മികച്ച പ്രതികരണം ആണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഒരു പൊളിറ്റിക്കൽ ത്രില്ലെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വളരെ മികച്ച ഒരു ആദ്യ പകുതിയും അതി ഗംഭീരം ആയ ഒരു രണ്ടാം പകുതിയും നല്ല ഒരു ക്ലൈമാക്സും ചേർന്നതാണ് ജനഗണമന. ചിത്രത്തിൽ അഭിനയിച്ചവരെല്ലാം അവരുടെ ഭാഗം വളരെ ഭംഗിയായി സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. പ്രിത്വിരാജിനേയും, സുരാജിനെയും കൂടാതെ മമ്ത മോഹൻദാസ്, വിൻസി അലോഷ്യസ്, ശാരി, വൈഷ്ണവി വേണുഗോപാൽ, ഷമ്മി തിലകൻ, ദ്രുവൻ, ജോസുകുട്ടി, പ്രിയങ്ക നായർ, ശ്രീദിവ്യ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ ഉണ്ട്. പ്രിത്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളുടെ കീഴിൽ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ജനഗണമന നിർമ്മിച്ചിരിക്കുന്നത്.

ഇപ്പോൾ ചിത്രത്തിന് എതിരെ സംസാരിച്ചു രംഗത്ത് വന്നിരിക്കുകയാണ് ബിജെ പി നേതാവ് സന്ദീപ് വാര്യർ. അനന്തപൂരിയിൽ നടന്ന ഹിന്ദു മഹാ സഭ സമ്മേളനത്തിൽ വെച്ചാണ് ചിത്രത്തിന് എതിരെ സംസാരിച്ചു സന്ദീപ് വാര്യർ രംഗത്ത് വന്നത്. സന്ദീപ് വാര്യരുടെ വാക്കുകൾ ഇങ്ങനെ, ” കേരളത്തിൽ ദേശവിരുദ്ധ സിനിമകൾ ഇറങ്ങുന്നുണ്ട്. അതിൽ നമുക്കൊക്കെ പ്രയാസം ഉണ്ട്. മലയാള സിനിമ രംഗത്ത് ഒരുപാട് സുഹൃത്തുക്കൾ ഉള്ള ആളാണ് ഞാൻ.

വിഷമിച്ചിട്ട് എന്തുകാര്യം. മലയാളത്തിലെ എത്ര നിർമ്മാതാക്കൾ പണം ഇറക്കാൻ തയ്യാറാണ്. ആരുമില്ല. നമ്മുടെ നിർമ്മാതാക്കളുടെ കയ്യിൽ പണമില്ല. നമ്മുടെ ഇടയിൽ നല്ല സംരംഭകർ ഇല്ല. അപ്പുറം, അനധികൃതമായും അല്ലാതെയും വരുന്ന കോടിക്കണക്കിന് രൂപ കുമിഞ്ഞുകൂടുന്നു. മട്ടാഞ്ചേരി മാഫിയയ്ക്ക് ജനഗണമന എന്ന പേരിൽ രാജ്യ വിരുദ്ധ സിനിമ എടുക്കാൻ കഴിയുന്ന സാഹചര്യം കേരളത്തിൽ ഉണ്ടാകുന്നു.

നമ്മളും സംരംഭകരാകുക എന്നതാണ് ഇത് തടയാനുള്ള വഴി”. വിവാദങ്ങൾക്കിടയിലും ചിത്രം ആഗോള തലത്തിൽ അൻപത് കോടി ക്ലബ്ബിൽ ഇടം പിടിച്ചു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളെ അവതരിപ്പിച്ചയാളും നിർമ്മാതാക്കളിൽ ഒരാളുമായ പ്രിത്വിരാജ് സുകുമാരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ചിത്രം അൻപത് കോടി ക്ലബ്ബിൽ ഇടം പിടിച്ച വാർത്ത പുറത്ത് വിട്ടത്.