യുവസംവിധായകരിൽ ഏറെ ശ്രദ്ധ നേടിയ സംവിധായാകൻ ആണ് ടിനു പാപ്പച്ചൻ. ലിജോ ജോസ് പെല്ലിശേരിയുടെ അസിസ്റ്റന്റ് ആയിരുന്ന ടിനു ആന്റണി വർഗീസിനെ നായകനാക്കി ഒരുക്കിയ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ സിനിമകളിലൂടെ ആണ് പ്രേക്ഷക ശ്രദ്ധ നേടി എടുത്തത്. അതിന് ശേഷം ഇപ്പോൾ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന നന്പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിൽ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയും ടിനു പാപ്പച്ചൻ പ്രവൃത്തിച്ചിരുന്നു.

മലയാളത്തിന്റെ മഹാനടൻ മോഹൻലാലുമായി ടിനു ഒന്നിക്കുന്നു എന്ന് വാർത്തകൾ വരാൻ തുടങ്ങിയിട്ട് നാളുകൾ ഏറെ ആയി. മോഹൻലാലിനോട് ഒരു കഥ പറഞ്ഞു എന്ന് ടിനു ഒരിക്കൽ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ആ പ്രൊജക്റ്റിന് എന്ത് സംഭവിച്ചു എന്ന് യാതൊരു വിവരങ്ങളും ഇല്ല. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ടിനു പാപ്പച്ചൻ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നും ഉണ്ടായില്ല. അതേസമയം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിയുമായി ഒരു ചിത്രം ചെയ്യാൻ ടിനു ഒന്നിക്കുന്നു എന്ന വാർത്തകളും വന്നിരുന്നു. ടിനു-മോഹൻലാൽ ചിത്രത്തെക്കാളും നടക്കാൻ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് ടിനു -മമ്മൂട്ടി ചിത്രം ആണ്.

ഇപ്പോൾ ടിനുവിന്റെ അടുത്ത ചിത്രത്തെ കുറിച്ച് ഉള്ള വിവരം പുറത്ത് വന്നിരിക്കുകയാണ്. കുഞ്ചാക്കോ ബോബൻ ആയിരിക്കും ചിത്രത്തിലെ നായകൻ. കൂടാതെ ടിനുവിന്റെ ആദ്യ രണ്ട് ചിത്രങ്ങളിലെയും നായകൻ ആയ ആന്റണി വർഗീസും ചിത്രത്തിൽ ഉണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഇത് വരെ ഇതിനെക്കുറിച്ചു ഔദ്യോഗിക സ്ഥിതീകരണങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഉടൻ തന്നെ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.