മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടനന്മാരിൽ ഒരാളും ഏറ്റവും വലിയ താരങ്ങളിൽ ഒരാളും ആണ് മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ തനതായ അഭിനയ ശൈലി കൊണ്ട് എന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള താരമാണ് മമ്മുട്ടി. ഇന്നും വൈവിധ്യപൂർണ്ണമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ലക്ഷങ്ങളെ വിസ്മയിപ്പിക്കാൻ മമ്മുട്ടിക്ക് സാധിക്കുന്നുണ്ട്.

നവാഗതയായ റത്തീന സംവിധാനം ചെയ്ത് മെയ് 12 ന് സോണി ലൈവ് വഴി പുറത്തിറങ്ങിയ പുഴു എന്ന ചിത്രം ആണ് മമ്മൂട്ടിയുടേതായി അവസാനം പുറത്ത് വന്ന സിനിമ. സിന് സൈൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തേനി ഈശ്വർ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഹർഷാദ്, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ജെക്സ് ബിജോയ് സംഗീതം ഒരുക്കിയ ചിത്രത്തിന്റെ എഡിറ്റിംഗ് ദീപു ജോസഫ് ആണ് കൈകാര്യം ചെയ്തിരിക്കുന്നത്.

തന്റെ ആദ്യ ചിത്രം വളരെ മികച്ച രീതിയിൽ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ റത്തീനക്ക് സാധിച്ചിട്ടുണ്ട്. ഒരു അച്ഛൻ അല്ലെങ്കിൽ ഒരു മുതിർന്ന മനുഷ്യൻ സ്വന്തം മക്കൾക്കും സമൂഹത്തിനും എങ്ങനെ ആവാതിരിക്കാൻ ശ്രദ്ധിക്കണം എന്ന് പറഞ്ഞു തരുന്ന സിനിമ. അതുപോലെ തന്നെ സമൂഹത്തിൽ അപ്പർ പ്രിവിലേജിൽ സാധാരണ ജനങ്ങൾ അനുഭവിക്കുന്ന വിവേചനം, ടോക്സിസിറ്റി അങ്ങനെ പല കാര്യങ്ങളും വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ സിനിമക്ക് ആയിട്ടുണ്ട്. മമ്മൂട്ടിയുടെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. ഇന്ത്യയിൽ മറ്റൊരു സൂപ്പർസ്റ്റാറും ഇങ്ങനെ ഒരു വേഷം ചെയ്യാൻ ധൈര്യം കാണിക്കും എന്ന് തോന്നുന്നില്ല. മമ്മുട്ടിയെ കൂടാതെ പാർവതി, പാർവതിയുടെ ഭർത്താവ് ആയി അഭിനയിച്ച നടൻ, മമ്മുട്ടിയുടെ മകൻ ആയി അഭിനയിച്ച കുട്ടി എന്നിവരുടെ പ്രകടനങ്ങളും നന്നായിരുന്നു. മമ്മൂട്ടിയും പാർവതിയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.

ഒരുപിടി മികച്ച ചിത്രങ്ങൾ ആണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. കെട്ടിയോൾ ആണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷറാക്ക്, ലിജോ ജോസ് പെല്ലിശേരിയുടെ നന്പകൽ നേരത്ത് മയക്കം എന്നീ സിനിമകൾ ആണ് അതിൽ പ്രധാനപ്പെട്ടത്.