ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച കമർഷ്യൽ ഡയറക്ടർമാരിൽ ഒരാളാണ് എസ് എസ് രാജമൗലി. 2001 ൽ ജൂനിയർ എൻ ടി ആറിനെ നായകനാക്കി ഒരുക്കിയ സ്റ്റുഡന്റ് നമ്പർ വണ്ണിലൂടെ സിനിമ രംഗത്തേക്ക് കടന്നു വന്ന രാജമൗലി ധീര, ഈച്ച, ബാഹുബലി 1, ബാഹുബലി 2, ആർ ആർ ആർ എന്നീ ചിത്രങ്ങൾ വഴി ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഡയറക്ടർ ബ്രാൻഡ് ആയി മാറുകയായിരുന്നു. ആദ്യ ചിത്രം ആയ സ്റ്റുഡന്റ് നമ്പർ വണ്ണിന് ശേഷം ഒരു ചരിത്ര സിനിമ ചെയ്യാൻ ആയിരുന്നു രാജമൗലിയുടെ പദ്ധതി. കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ ആണ് അതിൽ നായകൻ ആയി തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് എന്തോ കാരണങ്ങൾ കൊണ്ട് ഈ ചിത്രം ഉപേക്ഷിക്കപ്പെട്ടു.

ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിൽ പ്രധാനിയാണ് തമിഴകത്തിന്റെ സ്വന്തം നടിപ്പിൻ നായകൻ സൂര്യ. തന്റെ തനതായ അഭിനയ ശൈലി കൊണ്ടും വ്യത്യസ്ത ജേണറുകളിൽ പെട്ട സിനിമകളുടെ തെരഞ്ഞെടുപ്പ് കൊണ്ടും ഏറെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത നടനാണ് നടിപ്പിൻ നായകൻ സൂര്യ. പാണ്ടിരാജ് സംവിധാനം ചെയ്തു പുറത്തിറങ്ങിയ എതിർക്കും തുനിതവൻ എന്ന ചിത്രമാണ് സൂര്യയുടേതായി അവസാനം തീയ്യേറ്ററുകളിൽ എത്തിയ സിനിമ. ഒട്ടേറെ പ്രതീക്ഷകൾ ഉള്ള സിനിമകളാണ് സൂര്യ അഭിനയിച്ച പുറത്തുവരാൻ ഇരിക്കുന്നത്.

രാജമൗലിയുടെ വമ്പൻ ഹിറ്റായി മാറിയ ധീര എന്ന രാംചരൻ ചിത്രത്തിൽ ആദ്യം നായകനായ തീരുമാനിച്ചിരുന്നത് നടിപ്പിൻ നായകൻ സൂര്യയെ ആയിരുന്നു. എന്നാൽ അന്നേരം പ്രശസ്തിയുടെ കൊടുമുടിയിൽ നിന്നിരുന്ന സൂര്യ രാജമൗലി ഓഫർ സ്നേഹപൂർവം നിരസിക്കുകയായിരുന്നു. പിന്നീട് ഈ വർഷം പുറത്തിറങ്ങിയ ജൂനിയർ എൻടിആർ രാംചരൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ആർ ആർ ആർ എന്ന ചിത്രത്തിലും സൂര്യയാണ് സംവിധായകൻ ആദ്യം മനസ്സിൽ കണ്ടത്. എന്നാൽ പിന്നീട് അത് രാംചരണിലേക്കും ജൂനിയർ എൻടിആർലേക്കും എത്തുകയായിരുന്നു. രാജമൗലി സൂര്യ കൂട്ടുകെട്ടിൽ ഒരു ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.