മലയാള സിനിമ കണ്ട മികച്ച ഡയറക്ടർ-ആക്ടർ കോമ്പിനേഷനകുളിൽ ഒന്നാണ് മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ട്. ഈ കൂട്ടുകെട്ടിൽ ഇതുവരെ മൂന്ന് ചിത്രങ്ങൾ പുറത്തിറങ്ങിയതിൽ മൂന്നും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ചിത്രങ്ങൾ ആയിരുന്നു.

മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയം ആയി മാറിയ 2013 ഡിസംബറിൽ പുറത്തിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലൂടെ ആയിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ചത്. ചൈനീസ് ഉൾപ്പടെ ഒട്ടേറെ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ട ചിത്രം മലയാളത്തിലെ ആദ്യ അൻപത് കോടി ചിത്രം ആയിരുന്നു. ചിത്രം കേരളത്തിൽ ഇൻഡസ്ട്രി ഹിറ്റ് സ്റ്റാറ്റസ് സ്വന്തമാക്കിയിരുന്നു. അതിന് ശേഷം ഈ കൂട്ടുകെട്ടിൽ റാം എന്ന ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നു. 2020 ആദ്യം ഫസ്റ്റ് ഷെഡ്യൂൾ പൂർത്തിയാക്കിയ ചിത്രം പിന്നീട് കോവിഡ് പ്രതിസന്ധി മൂലം നിന്നു പോവുകയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വരുന്ന ജൂണിൽ പുനരാരംഭിക്കും എന്നാണ് ലഭിക്കുന്ന വിവരം.

അതിനുശേഷം ഇതേ കൂട്ടുകെട്ടിൽ മെഗാ ഹിറ്റായി മാറിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആമസോൺ പ്രൈം വഴിറിലീസ് ചെയ്തിരുന്നു. അതുകഴിഞ്ഞ് ഈ കൂട്ടുകെട്ടിൽ വന്ന ചിത്രമാണ് ഇന്നലെ ഹോട്ട്സ്റ്റാർ വഴിയെത്തിയ 12ത് മാൻ. ഈ രണ്ട് ചിത്രങ്ങൾക്കും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ദൃശ്യം റ്റു തെലുങ്ക് കന്നഡ ഭാഷകളിൽ റീമേക്ക് ചെയ്ത് ഇറങ്ങുകയും ചെയ്തു.

ഇപ്പോൾ ഇതേ കൂട്ടുകെട്ട് വീണ്ടും മറ്റൊരു ചിത്രത്തിന് വേണ്ടി ഒന്നിയ്ക്കുകയാണ്. ആശിർവാദ് സിനിമാസ് ബാനറിൽ ആധുനിക പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. 12ത് മാൻ റിലീസിനോട് അനുബന്ധിച്ച് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ജിത്തു ജോസഫ് തന്നെയാണ് ഇതിനെപ്പറ്റി വെളിപ്പെടുത്തിയത്.