മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരാണ് മെഗാസ്റ്റാർ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടർ മോഹൻലാലും. ഏതാണ്ട് ഒരേ കാലയളവിൽ മലയാള സിനിമയിലേക്ക് കടന്ന് വന്ന ഇവർ ഇപ്പോൾ അൻപത് വർഷത്തോളം സിനിമയിൽ പിന്നിടുമ്പോഴും താര രാജാക്കന്മാരായി തന്നെ തുടരുകയാണ്. നിലവിൽ മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ വിജയ ചിത്രങ്ങൾ ഇരുവരുടെയും പേരിൽ ആണ്. പുലിമുരുഗൻ, ലൂസിഫർ, ഭീഷമപർവ്വം തുടങ്ങിയ ചിത്രങ്ങൾ മലയാളത്തിലെ എക്കാലത്തെയും വലിയ പണം വാരി ചിത്രങ്ങൾ ആണ്.

എന്നാൽ മലയാളത്തിന്റെ താര രാജാക്കന്മാരായ ഇരുവരെയും വച്ച് ഒരു നൂറ്റമ്പത് കോടി അഥവാ ഇരുന്നൂറ് കോടി രൂപ ബഡ്ജറ്റിൽ സിനിമ എടുക്കുന്നത് വളരെ വലിയ റിസ്ക് ആണെന്ന് പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് ഒരു നിർമ്മാതാവ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് നിർമ്മാതാവ് ഷാജി നടേശൻ ഇതെക്കുറിച്ച് പറഞ്ഞത്. മലയാള സിനിമയുടെ പാൻ ഇന്ത്യൻ സാധ്യതകളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിലെ ഏറ്റവും വലിയ താരങ്ങളെ വെച്ച് പോലും ബിഗ് ബഡ്ജറ്റ് ചിത്രം എടുത്താൽ അതിന്റെ മുടക്ക് മുതൽ പോലും തിരിച്ചു പിടിക്കാൻ ഉള്ള മാർക്കറ്റ് മലയാള സിനിമക്ക് കുറവ് ആണെന്ന് ആണ് ഷാജി നടേശന്റെ അഭിപ്രായം. വലിയ ഹൈപിൽ വന്ന് പരാജയമായ മാമാങ്കവും മരക്കാർ അറബിക്കടലിന്റെ സിംഹവും അതിന് ഉദാഹരണങ്ങൾ ആണ്.

എന്നാൽ മലയാളത്തിലെ എല്ലാ പ്രമുഖ താരങ്ങളെയും ഉൾപ്പെടുത്തി പാൻ ഇന്ത്യൻ തലത്തിൽ ഒരു ബിഗ് ബഡ്ജറ്റ് ചിത്രം ഒരുക്കിയാൽ നന്നായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. നല്ല ഒരു പ്രമേയവും ഇന്ത്യയിലെ എല്ലായിടത്തും ഉള്ള പ്രേക്ഷകർക്ക് പരിചിതമായ താരങ്ങളും ഉണ്ടെങ്കിൽ മലയാള സിനിമക്കും അത്തരം സിനിമകൾ സ്വപനം കാണാവുന്നതേ ഒള്ളു എന്നും ഷാജി നടേശൻ പറയുന്നു. അതുപോലെ തന്നെ ഇത്രയും വലിയ ഒരു തുക മലയാള സിനിമയിൽ മുടക്കാൻ ധൈര്യം ഉള്ള ഒരു പ്രൊഡ്യൂസറും ഇല്ല എന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും പേടി മുടക്ക് മുതൽ തിരിച്ചു കിട്ടുമോ എന്നത് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.