തമിഴ് സിനിമയിലെ നിലവിലെ ഏറ്റവും മികച്ച കമർഷ്യൽ സംവിധായകന്മാരിൽ ഒരാളാണ് അറ്റ്ലീ. ബ്രഹ്മാണ്ട സംവിധായകൻ ശങ്കറിന്റെ അസിസ്റ്റന്റ് ആയിരുന്ന അറ്റ്ലീ നയൻതാര-ആര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ രാജ റാണി എന്ന ചിത്രത്തിലൂടെ ആണ് സ്വാതന്ത്ര സംവിധായകൻ ആയത്. അതിന് ശേഷം ദളപതി വിജയിയെ നായകനാക്കി ഒരുക്കിയ തെറി, മേഴ്സൽ, ബിഗിൽ എന്നീ ചിത്രങ്ങൾ വമ്പൻ ബ്ലോക്ക്ബസ്റ്ററുകൾ ആയി മാറിയതോടെ അറ്റ്ലീ തമിഴ് സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം മേടിക്കുന്ന സംവിധായകരിൽ ഒരാളായി ഉയർന്നു.

ഇപ്പോൾ ബോളിവുഡിന്റെ കിങ് ഖാൻ ഷാരുഖ് ഖാനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കിലാണ് അറ്റ്ലീ. ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ് ഈ ചിത്രത്തിൽ നായിക ആയെത്തുന്നത്. രാജ റാണിക്ക് ശേഷം അറ്റ്ലീയും നയൻതാരയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇതെന്ന പ്രത്യേകത കൂടി ഈ സിനിമക്ക് ഉണ്ട്. ചിത്രത്തിന്റെ വർക്കുകൾ ദ്രുത ഗതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് വിവരം.

അതിനിടെ തെലുഗ് സൂപ്പർസ്റ്റാർ അല്ലു അർജുനുമായി അറ്റ്ലീ ഒന്നിക്കുന്നു എന്ന വാർത്തകൾ വന്നത്. പാൻ ഇന്ത്യൻ ലെവലിൽ ഒരുക്കാൻ ഇരുന്ന ചിത്രത്തിന്റെ കഥ അല്ലുവിന് ഇഷ്ടമായെന്നും എന്നാൽ ചിത്രം പിന്നീട് വേണ്ടെന്ന് വെച്ചെന്നും ആണ് റിപ്പോർട്ട്. അറ്റ്ലീ ആവശ്യപ്പെട്ട പ്രതിഫലം മൂലം ആണ് അല്ലു അർജുൻ ചിത്രം വേണ്ടെന്ന് വെച്ചത് എന്നാണ് വിവരം. ഏകദേശം മുപ്പത്തി അഞ്ച് കോടി രൂപയോളം ആണ് ഈ ചിത്രത്തിന് വേണ്ടി അറ്റ്ലീ ആവശ്യപ്പെട്ടത്. എന്നാൽ ഇത് വളരെ ഭീമമായ ഒരു പ്രതിഫലം ആയതിനാലാണ് അല്ലു ചിത്രം വേണ്ടെന്ന് വെച്ചത്. എന്നാൽ ഇതിനെപ്പറ്റി ഔദ്യോഗിക സ്ഥിതീകരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ രണ്ടാം ഭാഗം ആണ് അല്ലുവിന്റെ ഇനി വരുന്ന ചിത്രം. ഇതിന്റെ ചിത്രീകരണം ഈ വരുന്ന ജൂലൈ മാസം തുടങ്ങും എന്നാണ് സംവിധായകൻ ഒരു വാർത്ത സമ്മേളനത്തിൽ പറഞ്ഞത്.