ഇന്ത്യ ഒട്ടാകെ തരംഗം സൃഷ്ടിച്ച കെ ജി എഫ് ചാപ്റ്റർ ഒന്നിന്റെ രണ്ടാം ഭാഗം ആയ കെ ജി എഫ് ചാപ്റ്റർ ടുവിൽ അധീര എന്ന വില്ലൻ കഥാപാത്രമായി ഗംഭീര തിരിച്ചു വരവ് നടത്തിയ താരമാണ് സഞ്ജയ് ദത്ത്. നിലവിൽ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു സഞ്ജയ് ദത്ത് ഇനി ദളപതി വിജയിയുടെ വില്ലൻ ആയെത്തും എന്നാണ് അറിയാൻ കഴിയുന്നത്.

മാസ്റ്റർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ദളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആവും സഞ്ജയ് ദത്ത് വിജയിയുടെ വില്ലൻ ആയി എത്തുക. സിനിമയുടെ ചിത്രീകരണം ഈ വർഷം അവസാനത്തോടെ ആരംഭിക്കും എന്നാണ് വിവരം. മാസ്സ് ആക്ഷൻ ത്രില്ലെർ ചിത്രം ആയിരിക്കും ഇത് എന്നാണ് സൂചന. ഇതിന് മുൻപ് വിജയിയും ലോകേഷ് കനകരാജും ഒന്നിച്ച മാസ്റ്ററിൽ വില്ലൻ ആയെത്തിയത് മക്കൾ സെൽവൻ വിജയ് സേതുപതി ആയിരുന്നു.

നിലവിൽ വംഷി സംവിധാനം ചെയ്ത് തമിഴിലും തെലുങ്കിലും ഒരുമിച്ച് ചിത്രീകരണം നടക്കുന്ന ചിത്രത്തിൽ ആണ് വിജയ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വിജയ് ഇരട്ട വേഷത്തിൽ ആകും എത്തുക എന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ജൂൺ മൂന്നിന് ചിത്രം തിയേറ്ററുകളിൽ എത്തും. കമൽ ഹാസൻ ആണ് ചിത്രത്തിൽ നായകൻ ആയെത്തുന്നത്. വിജയ് സേതുപതിയും ഫഹദ് ഫാസിലും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രാജ് കമൽ ഫിലിംസിന്റെ ബാനറിൽ കമൽ ഹാസൻ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.