പ്രിത്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാരീഷ് മുഹമ്മദിന്റെ തിരക്കഥയിൽ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് ഏപ്രിൽ 28 ന് ലോകമെമ്പാടും ഉള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആണ് ജനഗണമന. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കി വമ്പൻ വിജയം ആയി മാറിയ ക്വീൻ എന്ന സിനിമക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം ആണ് ജനഗണമന.

വളരെ മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഒരു പൊളിറ്റിക്കൽ ത്രില്ലെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വളരെ മികച്ച ഒരു ആദ്യ പകുതിയും അതി ഗംഭീരം ആയ ഒരു രണ്ടാം പകുതിയും നല്ല ഒരു ക്ലൈമാക്സും ചേർന്നതാണ് ജനഗണമന. ചിത്രത്തിൽ അഭിനയിച്ചവരെല്ലാം അവരുടെ ഭാഗം വളരെ ഭംഗിയായി സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. പ്രിത്വിരാജിനേയും, സുരാജിനെയും കൂടാതെ മമ്ത മോഹൻദാസ്, വിൻസി അലോഷ്യസ്, ശാരി, വൈഷ്ണവി വേണുഗോപാൽ, ഷമ്മി തിലകൻ, ദ്രുവൻ, ജോസുകുട്ടി, പ്രിയങ്ക നായർ, ശ്രീദിവ്യ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ ഉണ്ട്. പ്രിത്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളുടെ കീഴിൽ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ജനഗണമന നിർമ്മിച്ചിരിക്കുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്യുന്ന തിയേറ്റർ റഷ് ചിത്രങ്ങളിൽ തങ്ങളുടെ വാട്ടർമാർക്ക് ചേർത്തിരിക്കുകയാണ് ജനഗണമന ടീം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മലയാളത്തിലെ മറ്റൊരു പ്രമുഖ നടന്റെ സിനിമക്ക് ജനഗണമനയുടെ തിയേറ്റർ റഷ് ചിത്രങ്ങൾ ഉപയോഗിച്ചതിനാൽ ആണ് ജനഗണമന ടീം ഇത്തരമൊരു നീക്കം നടത്തിയത്.