കെ ജി എഫ് എന്ന ചിത്രത്തിലൂടെ ഇന്ത്യ ഒട്ടാകെ പ്രേക്ഷക പ്രീതി നേടിയെടുത്ത നടിയാണ് ശ്രീനിധി ഷെട്ടി. 2016 ലെ മിസ്സ് ദിവ സൂപ്പർ നാഷണൽ ജേതാവായ ശ്രീനിധിയുടെ ആദ്യ ചിത്രമാണ് കെ ജി എഫ്. കെ ജി എഫിന്റെ രണ്ട് ഭാഗങ്ങളിലും മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കാനും ഒരുപാട് ആരാധകരെ സ്വന്തമാക്കാനും ശ്രീനിധിക്ക് സാധിച്ചു. ആരാധകരുടെ ഒരുപാട് കാത്തിരിപ്പിന് ശേഷം റിലീസ് ചെയ്ത കെജിഎഫ് ചാപ്റ്റർ 2 മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചിത്രം ഇതിനോടകം തന്നെ ആയിരം കോടിയോളം രൂപ ആഗോള തലത്തിൽ കളക്ട് ചെയ്തു.

ഇപ്പോൾ തന്റെ ഇഷ്ട താരത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീനിധി. താൻ ദളപതി വിജയിയുടെ വലിയ ഒരു ആരാധിക ആണെന്നും വിജയിയുടെ എല്ലാ സിനിമകളും തിയേറ്ററിൽ പോയി കാണാൻ ശ്രമിക്കാറുണ്ടെന്നും ശ്രീനിധി പറഞ്ഞു. അവസാനം ഇറങ്ങിയ മാസ്റ്ററും ബിഗിലും തിയേറ്ററിൽ പോയി കണ്ടിരുന്നു. കെ ജി എഫിന്റെ പ്രൊമോഷൻ വർക്കുകൾ ഒക്കെ കഴിഞ്ഞ് ഒന്ന് ഫ്രീ ആകുമ്പോൾ ബീസ്റ്റും പോയി കാണും, ശ്രീനിധി പറയുന്നു.

ചിയാൻ വിക്രം നായകൻ ആയെത്തുന്ന കോബ്ര ആണ് ശ്രീനിധി അഭിനയിച്ച് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ലേഡി സൂപ്പർസ്റ്റാർ നയൻതാരയെ നായികയാക്കി ഒരുക്കിയ ഇമൈക്ക നൊടികൾ എന്ന ചിത്രത്തിന് ശേഷം അജയ് ഞ്ജാനമുത്തു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് എ ആർ റഹ്മാൻ ആണ്. ചിത്രത്തിൽ ഭാവന എന്ന മലയാളി ആയിട്ടാണ് ശ്രീനിധി എത്തുന്നത്. വിക്രം വിവിധ ഗെറ്റപ്പുകളിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.