ലേഡി സൂപ്പർസ്റ്റാർ നയൻതാരയെ നായികയാക്കി ഒരുക്കിയ കോലമാവ് കോകില്ല, ശിവകാർത്തികേയനെ നായകനാക്കി ഒരുക്കിയ ഡോക്ടർ എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ സംവിധായകൻ ആണ് നെൽസൺ ദിലീപ്കുമാർ. ദളപതി വിജയിയെ നായകനാക്കി ഏപ്രിൽ 13 ന് പുറത്തിറങ്ങിയ ബീസ്റ്റ് ആണ് നെൽസൺ സംവിധാനം ചെയ്ത് റിലീസ് ചെയ്ത അവസാന ചിത്രം. ചിത്രം കളക്ഷൻ റെക്കോർഡുകൾ ഒക്കെ ഭേദിച്ച് വമ്പൻ വിജയത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. പൂജ ഹെഗ്ഡെ ആണ് ഈ ചിത്രത്തിൽ വിജയിയുടെ നായികയായെത്തുന്നത്. ഇവരെ കൂടാതെ സെൽവരാഘവൻ, ഷൈൻ ടോം ചാക്കോ, യോഗി ബാബു, റെഡിൻ കിങ്സ്ലേ, അപർണ ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു. അനിരുദ്ധ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് മനോജ് പരമഹംസയാണ്. ആർ നിർമ്മൽ എഡിറ്റിങ്ങും അന്പറിവ് സംഘടനവും നിർവഹിക്കുന്നു. ജാനി മാസ്റ്ററാണ് കൊറിയോഗ്രാഫർ.

അടുത്തതായി നെൽസൺ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകൻ ആയെത്തുന്നത് സൂപ്പർസ്റ്റാർ രജനികാന്ത് ആണ്. ബീസ്റ്റ് നിർമ്മിച്ച സൺ പിക്ചർസ് തന്നെയാണ് ഇതുവരെ പേരിട്ടില്ലാത്ത രജനികാന്ത് ചിത്രവും നിർമ്മിക്കുന്നത്. ഇപ്പോൾ ലഭിക്കുന്ന വിവരം അനുസരിച്ചു ചിത്രത്തിൽ നായികയായെത്തുന്നത് താരസുന്ദരി ഐശ്വര്യ റായി ആണ്. എന്നാൽ ഇതിനെ പറ്റി ഇതുവരെ ഔദ്യോഗിക സ്ഥിതീകരണം ഒന്നും അണിയറ പ്രവർത്തകരിൽ നിന്നും ഉണ്ടായിട്ടില്ല. വാർത്ത ശെരിയാണെങ്കിൽ എന്തിരൻ എന്ന ശങ്കർ ചിത്രത്തിന് ശേഷം രജനികാന്ത് -ഐശ്വര്യ റായി ജോഡി ഒന്നിക്കുന്ന ചിത്രം കൂടി ആയിരിക്കും തലൈവർ 169.

ഐശ്വര്യ റായിയെ കൂടാതെ രമ്യ കൃഷ്ണൻ, പ്രിയങ്ക അരുൾ മോഹൻ, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ. നെൽസൺ സംവിധാനം ചെയ്ത് ഇതുവരെ പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളിലും യോഗി ബാബുവിന്റെ സാനിധ്യം ഉണ്ടായിരുന്നു. ശിവകാർത്തികേയൻ ചിത്രമായ ഡോക്ടറിൽ നായികയയെത്തിയത് പ്രിയങ്ക അരുൾ മോഹൻ ആയിരുന്നു. അതിന് ശേഷം പ്രിയങ്കയും നെൽസണും ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ഈ ചിത്രം. അനിരുധ് രവിചന്ദ്രർ സംഗീതവും മനോജ് പരമഹംസ ക്യാമറയും കൈകാര്യം ചെയ്യും.