മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവുമായ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത് 2018 ഡിസംബറിൽ പുറത്തിറങ്ങിയ ചിത്രമാണ് ഒടിയൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമിച്ചത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ദേശീയ അവാർഡ് ജേതാവായ ഹരി കൃഷ്ണൻ ആയിരുന്നു. ഭൂമിയിലെ അവസാനത്തെ ഒടിയന്റെ കഥയാണ് ചിത്രം പറഞ്ഞത്. വലിയ പ്രീ റിലീസ് ഹൈപ്പിൽ പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങൾ ആണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെങ്കിലും വമ്പൻ വിജയം നേടിയെടുക്കാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു.

പ്രീ റിലീസ് ബിസിനസ് വഴി ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചെന്ന് അണിയറ പ്രവർത്തകർ റിലീസിന് മുൻപ് വെളിപ്പെടുത്തിയിരുന്നു. ഒരു മലയാള സിനിമ ആദ്യമായി ആണ് റിലീസിന് മുൻപ് 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുന്നത് എന്ന പ്രത്യേകതയും ഒടിയൻ എന്ന ചിത്രത്തിനുണ്ട്. മഞ്ജു വാര്യർ നായികയായെത്തിയ ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രകാശ് രാജ് ആണ്. ഇവരെ കൂടാതെ നരേൻ, സിദ്ധിഖ്, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാഷ് തുടങ്ങിയ വൻ താര നിരയും ചിത്രത്തിൽ ഉണ്ടായിരുന്നു. പീറ്റർ ഹെയൻ ആയിരുന്നു ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്.

ഇപ്പോൾ ഹിന്ദിയിലേക്ക് മൊഴി മാറ്റി റിലീസിന് ഒരുങ്ങുകയാണ് ഈ വിസ്മയ ചിത്രം. ഹിന്ദി പതിപ്പിന്റെ ട്രൈലെർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്ത് ഇറക്കിയിരുന്നു. ട്രൈലെറിന് മികച്ച പ്രതികരണം ആണ് ഹിന്ദി പ്രേക്ഷകരിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ മാസം 23 ന് പ്രമുഖ യുട്യൂബ് ചാനൽ ആയ പെൻ മൂവീസിലൂടെ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പ്രേക്ഷകരിലേക്ക് എത്തും.