ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചെയ്ത് ഏപ്രിൽ 13 ന് ലോകമെമ്പാടും ഉള്ള തിയേറ്ററുകളിൽ എത്തിയ ചിത്രം ആണ് ബീസ്റ്റ്. പൂജ ഹെഗ്ഡെ ആണ് ഈ ചിത്രത്തിൽ വിജയിയുടെ നായികയായെത്തുന്നത്. ഇവരെ കൂടാതെ സെൽവരാഘവൻ, ഷൈൻ ടോം ചാക്കോ, യോഗി ബാബു, റെഡിൻ കിങ്സ്ലേ, അപർണ ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു. അനിരുദ്ധ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് മനോജ് പരമഹംസയാണ്. ആർ നിർമ്മൽ എഡിറ്റിങ്ങും അന്പറിവ് സംഘടനവും നിർവഹിക്കുന്നു. ജാനി മാസ്റ്ററാണ് കൊറിയോഗ്രാഫർ.

ചിത്രത്തിൽ വീര രാഘവൻ എന്ന റോ ഏജന്റ് ആയാണ് ദളപതി വിജയ് എത്തുന്നത്. ഇത്തവണയും രക്ഷകൻ റോളിൽ ആണ് വിജയ് എത്തുന്നത്. മാളിൽ ഉള്ളവരെ രക്ഷിക്കുന്ന കഥാപാത്രം ആണ് വിജയ് ഇത്തവണ ചെയ്യുന്നത്. ചെന്നൈയിലെ ഒരു മാളിൽ കുറെ ആളുകളെ കുറച്ചു തീവ്രവാദികൾ ബന്ധികൾ ആക്കുന്നു. അതെ മാളിൽ ആ സമയം വീര രാഘവനും ഉണ്ടായിരുന്നു. അവിടെയുള്ള വീര രാഘവൻ തീവ്രവാദികളെ കീഴ്പ്പെടുത്തി ആളുകളെ രക്ഷിക്കുന്നത് ആണ് ചിത്രത്തിന്റെ കഥ. ദളപതി വിജയിയുടെ വൺ മാൻ ഷോ തന്നെയാണ് ചിത്രത്തിലൂടെനീളം കാണാൻ കഴിയുക. കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും നല്ല തട്ട് പൊളിപ്പൻ ബിജിഎമും ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ്. നെൽസൺ തന്റെ സ്ഥിരം ശൈലിയായ കോമഡി ഇതിലും നന്നായി തന്നെ ഉപയോഗിച്ചിട്ടുണ്ട്. കോമഡി രംഗങ്ങൾ പ്രേക്ഷകരിലേക്ക് മികച്ച രീതിയിൽ എത്തിക്കാൻ ഇതിൽ അഭിനയിച്ചവർക്കും സാധിച്ചിട്ടുണ്ട്.

ഇപ്പോൾ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. അഞ്ച് ദിവസം കൊണ്ട് ചിത്രം ആഗോളതലത്തിൽ ഇതുവരെ നേടിയത് ഇരുന്നൂറ് കോടിയിലേറെ രൂപയാണ്. കെ ജി എഫ് ചാപ്റ്റർ 2 വിനൊപ്പം റിലീസ് ചെയ്തിട്ടും നെഗറ്റീവ് റിവ്യൂ ഒരുപാട് വന്നിട്ടും അതിനോടെല്ലാം പൊരുതി നേടിയ നേട്ടമാണ് ഇത്. ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്നവർക്കും വിജയ് ആരാധകർക്കും തീർച്ചയായും ഇഷ്ടപെടുന്ന ഒരു ചിത്രം തന്നെയാണ് ബീസ്റ്റ്. ഒരു തവണ തിയേറ്ററിൽ നിന്ന് തന്നെ കാണാവുന്ന ഒരു ചിത്രം.