മലയാളത്തിന്റെ മഹാ നടൻ മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത് 2018 ഡിസംബറിൽ പുറത്തിറങ്ങിയ ചിത്രമാണ് ഒടിയൻ. മലയാള സിനിമ കണ്ട ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പ് സൃഷ്ടിച്ചു റിലീസ് ചെയ്ത ചിത്രം ആണ് ഒടിയൻ. ഇപ്പോൾ ഒടിയന് ശേഷം മോഹൻലാലും ശ്രീകുമാർ മേനോനും മറ്റൊരു ചിത്രത്തിലൂടെ ഒന്നിക്കുകയാണ്.

ഒരു പാൻ ഇന്ത്യൻ ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. മിഷൻ കൊങ്കൺ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഉടൻ തന്നെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

മാപ്പിള ഖലാസികളുടെ ജീവിതം പറയുന്ന ഈ സിനിമയിൽ മോഹൻലാൽ ഗസ്റ്റ് റോളിൽ ആണ് എത്തുന്നത് എന്നാണ് വാർത്തകൾ. ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രം കൊങ്കൺ റെയിൽവേയെ കുറിച്ച് ആണ് കഥ പറയുന്നത്. ഫ്രാൻസിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി, മാമ ആഫ്രിക്ക തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനായ ടി ഡി രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മലയാളം, ഹിന്ദി, തെലുഗ് തുടങ്ങിയ ഭാഷകളിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ ഉണ്ടാകും എന്നാണ് ശ്രീകുമാർ മേനോൻ പറയുന്നത്. ജിതേന്ത്ര ടാക്കാരെ, കമൽ ജെയിൻ, ശാലിനി ടാക്കാരെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒട്ടേറെ പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ശ്രീകുമാർ മേനോന്റെ രണ്ടാമത്തെ സംവിധാന സംരഭം ആണ് മിഷൻ കൊങ്കൺ. സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചത് എങ്കിലും ഒടിയൻ കേരളത്തിൽ സൂപ്പർ ഹിറ്റ് ആയിരുന്നു. ആദ്യ ദിവസം റെക്കോർഡ് ഫാൻസ് ഷോകളും ഫസ്റ്റ് ഡേ റെക്കോഡും എല്ലാം ഒടിയൻ സ്വന്തമാക്കിയിരുന്നു. ഏതായാലും ഇരുവരും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മോഹൻലാൽ ആരാധകർ.