നിവിൻ പോളി ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രം ആണ് മഹാവീര്യർ. 1983, ആക്ഷൻ ഹീറോ ബിജു എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. കന്നഡ നടി ഷാൻവി ശ്രീവസ്തവയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ആസിഫ് അലിയും നിവിൻ പോളിയും ട്രാഫിക്, സെവെൻസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട്.

ചിത്രത്തിൽ നിവിൻ പോളി മഹർഷി ആയെത്തുമ്പോൾ ആസിഫ് അലി രാജാവായെത്തുന്നു. സാൻവി ആസിഫ് അലിയുടെ ജോഡി ആയാണ് ചിത്രത്തിൽ എത്തുക. ടൈം ട്രാവൽ ഫന്റാസി വിഭാഗത്തിൽ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ എബ്രിഡ് ഷൈൻ തന്നെ ആണ്. പ്രശസ്ത എഴുത്തുകാരൻ എം മുകുന്ദന്റെ കഥയെ ആദരമാക്കിയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പോളി ജൂനിയർ പിക്ടർസ്, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളുടെ കീഴിൽ നിവിൻ പോളിയും പി എസ് ഷംനാസും ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലാൽ, സിദ്ദിഖ്, വിജയ് മേനോൻ, ലാലു അലക്സ്, മല്ലിക സുകുമാരൻ, മേജർ രവി, സുധീർ കരമന, പദ്മരാജ് രതീഷ്, കൃഷ്ണ പ്രസാദ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ് തുടങ്ങിയ ഒട്ടേറെ പ്രമുഖർ ചിത്രത്തിൽ ഉണ്ട്.

ഇപ്പോൾ മലയാളത്തിലെ ഏറ്റവും വേഗത്തിൽ ഒരു കോടി വ്യൂസ് നേടിയ ടീസർ ആയി മാറിയിരിക്കുകയാണ് മഹാവീര്യർ ടീസർ. ഞായറാഴ്ച റിലീസ് ചെയ്ത ടീസർ ഇതുവരെ കണ്ടത് ഒരു കോടിയിലേറെ ആളുകൾ ആണ്. രാജസ്ഥാനിലും കേരളത്തിലും ആയി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത് സംസ്ഥാന അവാർഡ് ജേതാവ് ചന്ദ്രു സെൽവരാജ് ആണ്. ചിത്രം അധികം വൈകാതെ തന്നെ തിയേറ്ററുകളിൽ എത്തും.