മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് മെഗാസ്റ്റാർ മമ്മുട്ടി. തന്റെ അൻപത് വർഷത്തിലേറെ നീണ്ട കരിയറിൽ അദ്ദേഹം അഭിനയിക്കാത്ത വേഷങ്ങളില്ല. അമൽ നീരദ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഭീഷമപർവ്വം ആണ് മമ്മുട്ടിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. സിബിഐ ഫൈവ്, പുഴു, നന്പകൽ നേരത്ത് മയക്കം തുടങ്ങിയ സിനിമകൾ ഷൂട്ടിംഗ് പൂർത്തിയാക്കി റിലീസ് കാത്തു നിൽക്കുന്ന ചിത്രങ്ങൾ ആണ്.

മലയാള സിനിമയിലെ യുവ നടന്മാരിൽ പ്രധാനിയാണ് പ്രിത്വിരാജ് സുകുമാരൻ. നന്ദനം എന്ന രഞ്ജിത്ത് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന പ്രിത്വിരാജ് ഇപ്പോൾ ഈ ഇരുപത് വർഷങ്ങൾക്കിപ്പുറം ഗായകൻ, നിർമ്മാതാവ്, ഡിസ്ട്രിബ്യുട്ടർ, സംവിധായകൻ തുടങ്ങിയ ഒട്ടേറെ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ്. പ്രിത്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ നായകൻ ആയെത്തിയ ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് ബോളിവുഡ് താരം വിവേക് ഒബ്രോയ് ആയിരുന്നു. പ്രിത്വിരാജ് ഒരുക്കിയ രണ്ടാമത്തെ ചിത്രത്തിലും മോഹൻലാൽ തന്നെയായിരുന്നു നായകൻ. ഹോട്ട്സ്റ്റാർ വഴി നേരിട്ട് റിലീസ് ചെയ്ത ബ്രോ ഡാഡി എന്ന ചിത്രത്തിൽ പ്രിത്വിരാജും അഭിനയിച്ചിരുന്നു. അതുപോലെ തന്നെ പ്രിത്വിരാജിന്റെ മൂന്നാമത് സംവിധാന സംരംഭത്തിലും നായകൻ മോഹൻലാൽ തന്നെ ആണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ആണ് പ്രിത്വിരാജ് അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രം.

ഇപ്പോൾ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിയുമായി ഒരു സിനിമ ചെയ്യുന്നതിനെ പറ്റി പറഞ്ഞിരിക്കുകയാണ് പ്രിത്വിരാജ്. മമ്മുക്കയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യണം എന്ന് തനിക്ക് ആഗ്രഹം ഉണ്ടെന്ന് പ്രിത്വിരാജ് പറയുന്നു. അതിന്റെ കഥ തനിക്ക് അറിയാമെന്നും ലൂസിഫർ, എമ്പുരാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മുരുളി ഗോപി തന്നെ ആയിരിക്കും ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എന്നും പ്രിത്വി പറയുന്നു. എന്നാൽ ഉടനെ ഒന്നും ആ ചിത്രം നടക്കാൻ സാധ്യത ഇല്ലെന്നും തന്റെ എല്ലാ തിരക്കുകളും തീർന്ന ശേഷം മാത്രമേ ഈ ചിത്രത്തിന്റെ ജോലികളിലേക്ക് കടക്കൂകയൊള്ളു എന്നും പ്രിത്വിരാജ് കൂട്ടിച്ചേർത്തു.