മലയാള സിനിമ പ്രേക്ഷകരും മമ്മൂട്ടി ആരാധകരും ഒരുപാട് നാളായി കാത്തിരിക്കുന്ന ഒരു ചിത്രമാണ് ബിലാൽ. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ബിലാൽ. 2017 ൽ ചിത്രം പ്രഖ്യാപിച്ചുവെങ്കിലും പിന്നീട് യാതൊരു വിധ വിവരങ്ങളും സിനിമയെ പറ്റി ഉണ്ടായിരുന്നില്ല. അതിന് ശേഷം മമ്മൂട്ടി-അമൽ നീരദ് കൂട്ടുകെട്ടിൽ ഭീഷമപർവ്വം എന്ന സിനിമ പുറത്തിറങ്ങിയിരുന്നു. ചിത്രം മലയാളത്തിലെ ഏറ്റവും വലിയ പണം വാരിയ സിനിമകളിൽ ഒന്നായി മാറിയിരുന്നു.

ഇപ്പോൾ ആരാധകർ ഏറെ കാത്തിരിക്കുന്ന ബിലാലിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് അമൽ നീരദ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് അമൽ നീരദ് ചിത്രത്തെ കുറിച്ച് പറഞ്ഞത്. അമൽ നീരദിന്റെ വാക്കുകൾ, “2017 ൽ പ്രഖ്യാപിച്ച ബിലാൽ 2020 ൽ ഷൂട്ട് തുടങ്ങാൻ ഇരിക്കെയാണ് കൊറോണ വന്നത്. വിദേശത്തടക്കം ഷൂട്ട് ചെയ്യേണ്ട ഒരു സിനിമയാണ് ബിലാൽ. അതിനാൽ തന്നെ അപ്പോൾ ഷൂട്ട് ചെയ്യാൻ സാധ്യമല്ലായിരുന്നു. അങ്ങനെ ആ സമയത്ത് വേറെ ഒരു ചിത്രം ചെയ്യാം എന്ന പ്ലാനിലേക്ക് എത്തുന്നതും ഭീഷമപർവ്വം സംഭവിക്കുന്നതും. ഭീഷമ വളരെ ചിലവ് ഏറിയ ചിത്രമായതുകൊണ്ട് തന്നെ ഇനി കുറച്ചു നാൾ സ്വസ്ഥമായി ഇരുന്നതിന് ശേഷമേ വേറെ ഒരു സിനിമ ചെയ്യുന്നോള്ളൂ. ബിലാൽ അല്ലാതെ വേറെ കുറച്ചു സിനിമകൾ മമ്മുക്കയുമായി ചെയ്യാനാണ് എനിക്ക് ഇപ്പോൾ ആഗ്രഹം. ഏതൊരു സംവിധായകനെ പോലെയും ആരും ഇതുവരെ കാണാത്ത ഒരു പുതിയ മമ്മൂക്കയെ അവതരിപ്പിക്കാൻ ആണ് ഓരോ ചിത്രത്തിലൂടെയും ഞാനും ശ്രമിക്കുന്നത്”.

ബിലാലിന്റെ സ്ക്രിപ്റ്റ് രണ്ട് വർഷം മുൻപ് തീർന്നത് ആണെന്നും പക്ഷെ ഇനി അതിൽ കുറച്ചു തിരുത്തലുകൾ വേണ്ടി വരുമെന്നും അമൽ നീരദ് പറയുന്നു. ബിലാൽ ഏതായാലും ഉണ്ടാവും പക്ഷെ അത് ഉടനെ കാണില്ല എന്നാണ് അമൽ നീരദിന്റെ വാക്കുകളിൽ നിന്ന് മനസിലാവുന്നത്. അതിന് മുൻപ് കുറച്ചു ചിത്രങ്ങൾ മമ്മൂട്ടി – അമൽ നീരദ് കോമ്പോയിൽ പുറത്തിറങ്ങിയാലും അത്ഭുതപ്പെടാനില്ല.