അനിയത്തി പ്രാവിന്റെയും കുഞ്ചാക്കോ ബോബന്റെയും 25 ആം വാർഷികം ഈയടുത്ത് സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെട്ടിരുന്നു. അപ്പോൾ മനസിലൂടെ പഴയ ചില കാര്യങ്ങൾ ഓർമ്മയിൽ വന്നു. അനിയത്തി പ്രാവ് ഇറങ്ങുന്ന സമയത്ത് ശാലിനിയുടെ തിരിച്ചു വരവ് എന്നാണ് മാർക്കറ്റ് ചെയ്യപ്പെട്ടത്. പലരും ഇങ്ങനെ ചർച്ച ചെയ്യുന്ന സമയത്ത് ചെറിയ ക്ലാസിൽ പഠിക്കുന്ന സമയം ആയത് കൊണ്ടും കേബിൾ അത്ര പ്രചാരത്തിൽ വന്നിട്ടില്ലാത്തത് കൊണ്ടും ബേബി ശാലിനിയെ തന്നെ അത്ര പിടിയുണ്ടായിരുന്നില്ല.

നാട്ടിൽ അജിത് കൊച്ചച്ചൻ കേബിൾ നടത്തിയിരുന്നത് കൊണ്ട് അവിടെ ചെന്നപ്പോൾ ഏഷ്യാനെറ്റിൽ വന്ന ആലുക്കാസിന്റെ ഒരു പരസ്യത്തിലാണ് ശാലിനിയെ ആദ്യം കാണുന്നത്. കണ്ടപ്പോൾ അയ്യേ ഇതാരാണ് എന്ന ചിന്തയാണ് മനസിൽ വന്നത്. പിന്നീട് ഏതോ പരിപാടിയിൽ ബേബി ശാലിനിയുടെ പടം കണ്ടപ്പോഴാണ് ഓ ഈ കുട്ടിയായിരുന്നല്ലേ എന്ന് മനസിലായത്. പിന്നീട് സിനിമയുടെ ഓഡിയോ കാസറ്റ് ഇറങ്ങി. പാട്ടൊക്കെ വലിയ ഹിറ്റാണ്. കുഞ്ഞച്ഛൻ എന്ന് വിളിക്കുന്ന ഇളയ കൊച്ചച്ചൻ ആണ് അത് വീട്ടിൽ കൊണ്ട് വരുന്നത്. ഞാൻ അതെടുത്ത് നോക്കിയപ്പോൾ ഏറ്റവും കൂടുതൽ പാടിയിരിക്കുന്നത് കോറസ് ആണ്.

യേശുദാസിനെ പോലെ ഏതോ ഒരു ഗായകനായിരിക്കും എന്ന് വിചാരിച്ചു. പിന്നീട് സിനിമ ഇറങ്ങി കഴിഞ്ഞ ഒരു ദിവസം കുഞ്ഞച്ഛൻ തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് വിളിച്ചു. അന്നൊക്കെ ലാൻഡ് ഫോൺ എസ്ടിഡി വലിയ പൈസയാണ്. ഫോൺ എടുത്ത് അല്പം സംസാരിച്ചപ്പോൾ അനിയത്തിപ്രാവ് കണ്ടെന്ന് കുഞ്ഞച്ഛൻ പറഞ്ഞു. ഞാൻ അതിന്റെ കഥ ചോദിച്ചു. എടാ എസ് ടിഡി ആണ് കഥ പറയാനൊന്നും പൈസയില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ ദേഷ്യപ്പെട്ട് ഫോൺ വച്ചിട്ട് പോയി. അതൊരു ഭീകര സംഭവമാക്കി കൊച്ചച്ഛൻ എല്ലാരോടും പറഞ്ഞു നടന്നു. അങ്ങനെ സിനിമയൊക്കെ ഇറങ്ങി വൻ വിജയമായി മാറിയ ശേഷം അടുത്തുള്ള ബി ക്ലാസ് തീയറ്ററിൽ എത്തി.

ഒരു ദിവസം രാത്രി അച്ഛൻ ഹോട്ടലിൽ നിന്നും നേരത്തെ എത്തി സിനിമയ്ക്ക് പോകാമെന്ന് പറഞ്ഞു. അപ്പോൾ സ്കൂളിൽ പരീക്ഷ നടക്കുകയായിരുന്നു. ടീച്ചറായ അമ്മയ്ക്ക് പഠിത്ത കാര്യത്തിൽ വലിയ നിർബന്ധമായിരുന്നു. പിറ്റേ ദിവസം പരീക്ഷയുണ്ട്. അവസാനം അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി സിനിമയ്ക്ക് പോയി. ഭീകര ഇടിയില്ലാത്ത പടം അത്ര ഇഷ്ടപ്പെടാത്ത കാലം. സിനിമയിലെ പാട്ടൊക്കെ വലിയ ഇഷ്ടപ്പെട്ടു. ശാലിനിയെയും. എന്തിനാ ഇങ്ങനെയൊക്കെ എന്ന് ശാലിനി പറയുന്നത് സിനിമ കഴിഞ്ഞിട്ടും ഓർത്തു. അന്ന് കുഞ്ചാക്കോ ബോബനെ അത്ര ശ്രദ്ധിച്ചില്ല. പക്ഷെ പെൺ പിള്ളേർക്കിടയിൽ വലിയ ഹരമായിരുന്നു. കുഞ്ചാക്കോയെ പോലെ ഇരിക്കുന്ന ആൻസിൽ എന്നൊരു നടന് വരെ അതിന്റെ ഗുണം കിട്ടി.

ഇപ്പൊ ഇതൊക്കെ ഓർക്കാൻ കാരണം കൃഷ്ണയുടെ അഭിമുഖം കണ്ടിട്ടാണ്. താൻ ചെയ്യേണ്ടിയിരുന്ന വേഷമാണ് അനിയത്തി പ്രാവിലെ എന്ന് പുള്ളി പറഞ്ഞപ്പോൾ പലരും പരിഹസിക്കുന്നത് കണ്ടു. അവർ ഇപ്പോഴത്തെ കുഞ്ചാക്കോ ബോബനെയും കൃഷ്ണയെയുമാണ് കാണുന്നത്. അന്ന് ആര് ചെയ്താലും ആ സിനിമ വിജയിക്കുമായിരുന്നു. നമ്മൾ നമ്മുടെ ജീവിതത്തിൽ എല്ലാം നേടിയവരോ പൂർണ്ണമായും വിജയിച്ചവരോ അല്ല. പിന്നെന്തിനാണ് മറ്റുള്ളവരെ പരിഹസിക്കാൻ നടക്കുന്നത്. പ്രാവിലെ പ്രാവിനു മുൻപേ കൃഷ്ണ ഒന്ന് രണ്ട് സിനിമകളൊക്കെ ചെയ്തിരുന്നു. ഋഷ്യ ശൃംഗൻ സിനിമ പലരും ചെയ്യാൻ മടിക്കുന്ന വേഷവുമായിരുന്നു.
അനിയത്തിപ്രാവ് വൻ വിജയം ആയെങ്കിലും അത്രകണ്ട് ഒരു കൃഷ്ണയ്ക്ക് ലഭിക്കുമായിരുന്നില്ല എന്ന് മാത്രം. കാരണം കുഞ്ചാക്കോ ബോബനും ആദ്യത്തെ പത്ത് വര്ഷം കൊണ്ട് ആകെ നിറം മാത്രമാണ് വൻ വിജയം നേടിയത്. അക്കാലത്ത് ഏറ്റവും കൂടുതൽ കൂവൽ കേട്ട ഒരു നടനായിരുന്നു. നക്ഷത്ര താരാട്ട്, പ്രിയം ,കസ്തൂരിമാൻ, സ്വപ്നക്കൂട് ഇങ്ങനെ ചില സിനിമകൾ വിജയിച്ചപ്പോൾ മഴവില്ല്, ചന്ദാമാമ, സത്യം ശിവം സുന്ദരം എന്നിങ്ങനെ വലിയ ചിത്രങ്ങൾ ഉൾപ്പടെ പലതും കനത്ത പരാജയങ്ങളുമായി. പിന്നീട് മാറി നിന്ന് രണ്ടാം വരവ് നടത്തി പിന്നെ ഒരു മൂന്നാമത്തെ വരവ് കൂടി വന്നപ്പോഴാണ് ഇന്നത്തെ കെൽപ്പുള്ള നടനായി മാറിയത്. ഇന്ന് കുഞ്ചാക്കോക്ക് ഒരു ബ്രാൻഡ് വാല്യൂ ഉണ്ട്. അത് അയാളുടെ പരിശ്രമത്തിന്റെ ഫലം. കുഞ്ചാക്കോ ബോബന് കയ്യടി നേടി കൊടുത്ത ട്രാഫികിലൂടെയാണ് കൃഷ്നയും തിരിച്ചു വരുന്നത്. എന്നാൽ അത് ഗുണകരമാക്കി മാറ്റാൻ കൃഷ്ണയ്ക്ക് കഴിഞ്ഞില്ല. 2001 വിജയ്ക്കൊപ്പം തമിഴിൽ നല്ല വേഷം കിട്ടിയിട്ടും പുള്ളിക്ക് രാശി തെളിഞ്ഞില്ല. പുതിയ ഇന്റർവ്യൂയിൽ കൃഷ്ണ കൃത്യമായി പറയുന്നുണ്ട്. സിനിമയിൽ അവസരം ഇല്ലാത്തത് കൊണ്ട് ബിസിനസിലേക്ക് പോയി. പിന്നെ ഒരു ഭാഗ്യക്കേടുണ്ട്. എങ്കിലും ഇപ്പോഴും സിനിമയിൽ നില നിന്ന് പോകുന്നുണ്ടെന്ന് പറഞ്ഞിട്ട് പുള്ളി കഷ്ടകാലം നില നിൽക്കുന്നുണ്ട് എന്ന് ചിരിച്ചു കൊണ്ട് കൂട്ടി ചേർത്തു. ഒരു പക്ഷെ അനിയത്തി പ്രാവിൽ അഭിനയിച്ചിരുന്നെങ്കിൽ കുറച്ച് കൂടി ഒരു ഭേദപ്പെട്ട സ്ഥാനം കൃഷ്ണയ്ക്ക് ലഭിച്ചേനെ. ദൃശ്യം 2 ൽ നല്ല പക്വതയുള്ള പ്രകടനമായിരുന്നു. ഇനിയും നല്ല വേഷങ്ങൾ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.
