മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിയെ നായകനാക്കി എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്യുന്ന ചിത്രമാണ് സിബിഐ-5 ദി ബ്രെയിൻ. വളരെ പ്രശസ്തി നേടിയ സിബിഐ സിനിമ പരമ്പരയുടെ അഞ്ചാം ഭാഗം ആണ് ഇത്. സ്വർഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

അഞ്ചാം തവണയും മെഗാസ്റ്റാർ മമ്മൂട്ടി സേതുരാമയ്യർ ആയി പ്രേക്ഷകരെ ഹരം കൊള്ളിക്കാൻ എത്തുകയാണ്. ലോക ചരിത്രത്തിൽ തന്നെ ഇത് ആദ്യമായാണ് ഒരു ചിത്രത്തിന്റെ അഞ്ച് ഭാഗങ്ങളിലും ഒരേ നായകൻ, ഒരേ സംവിധായകൻ, ഒരേ തിരക്കഥാകൃത്ത് തുടങ്ങിയവർ ഒന്നിക്കുന്നത്.

ഇപ്പോൾ ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ഷൂട്ടിംഗ് പൂർത്തിയാക്കി നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലുള്ള ഈ ചിത്രം ഏപ്രിൽ അവസാന വാരം തിയേറ്ററുകളിൽ എത്തും എന്നാണ് റിപ്പോർട്ട്. ഏപ്രിൽ 28 ആയിരിക്കും റിലീസ് ഡേറ്റ് എന്നാണ് സൂചന.

മമ്മൂട്ടിക്കൊപ്പം മലയാളത്തിന്റെ അതുല്യ നടൻ ജഗതി ശ്രീകുമാർ ഈ ചിത്രത്തിലൂടെ വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങി വരുന്നെന്ന പ്രേത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇവർ രണ്ട് പേരെ കൂടാതെ മറ്റ് എല്ലാ ഭാഗത്തിലും ഉണ്ടായിരുന്ന മുകേഷും ഈ ചിത്രത്തിൽ ഉണ്ട്. അഖിൽ ജോർജ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് ജെക്സ് ബിജോയ് ആണ്. രഞ്ജി പണിക്കർ, സായി കുമാർ, സൗബിൻ ഷാഹിർ, അനൂപ് മേനോൻ, രമേശ് പിശാരടി, ദിലീഷ് പോത്തൻ, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ, ആശ ശരത്, സുദേവ് നായർ, മാളവിക നായർ, അൻസിബ തുടങ്ങിയ ഒരു വൻ താര നിരയും ചിത്രത്തിൽ ഉണ്ട്.