മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ താരവും മികച്ച നടന്മാരിൽ ഒരാളുമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. മോഹൻലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തും സന്തത സഹചാരിയും ആണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. വർഷങ്ങൾക്ക് മുൻപ് മോഹൻലാലിന്റെ ഡ്രൈവർ ആയി ഏതാനും ദിവസത്തേക്ക് എത്തിയ ആന്റണി പിന്നീട് മോഹൻലാലിന്റെ സ്ഥിരം ഡ്രൈവറും, സന്തത സഹചാരിയും, സുഹൃത്തും വലം കൈയുമൊക്കെ ആകുകയായിരുന്നു.

നിലവിൽ മലയാളത്തിലെ ഏറ്റവും വല്യ പ്രൊഡക്ഷൻ കമ്പനിയായ ആശിർവാദ് സിനിമാസിന്റെ ഉടമയാണ് ആന്റണി പെരുമ്പാവൂർ. മോഹൻലാൽ നായകനായെത്തിയ മുപ്പതോളം ചിത്രങ്ങൾ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചിട്ടുണ്ട്.

ഇപ്പോൾ ആന്റണി പെരുമ്പാവൂരിനെക്കുറിച്ച് പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളർ ബഹറുദിൻ. മോഹൻലാലിന്റെ ഇന്നത്തെ സാമ്പത്തിക വളർച്ചക്ക് കാരണം ആന്റണി പെരുമ്പാവൂരാണ് എന്നാണ് ബഹറുദിൻ പറയുന്നത്.

ബഹറുദിന്റെ വാക്കുകൾ, “മോഹൻലാലിന്റെ സാമ്പത്തിക ആസൂത്രണം എല്ലാം നടപ്പാക്കി കൊടുത്തത് ആന്റണി പെരുമ്പാവൂർ ആണ്. മോഹൻലാൽ വിട്ടുവീഴ്ചകൾ ചെയ്യുന്ന മനുഷ്യൻ ആയത് കൊണ്ട് അദ്ദേഹത്തെ പറ്റിക്കാൻ എളുപ്പം ആണ്. മോഹൻലാലിന്റെ സ്വഭാവം അനുസരിച്ചു അദ്ദേഹം ഒരു പ്രൊഡ്യൂസറിൽ നിന്നും കാശ് ചോദിക്കില്ല. അദ്ദേഹത്തിന് ചോദിക്കാൻ അറിയില്ല. അതുകൊണ്ട് തന്നെ ഒരുപാട് ആളുകൾ മോഹൻലാലിനെ മുതലെടുത്തിട്ടുണ്ട്. എന്നാൽ ഇതിനായി ആന്റണി പെരുമ്പാവൂരിനെ നിയമിച്ചപ്പോൾ അദ്ദേഹം കുത്തിന് പിടിച്ചു മോഹൻലാലിന് കാശ് വാങ്ങി കൊടുക്കുമായിരുന്നു. ആന്റണി പെരുമ്പാവൂർ കണക്ക് പറഞ്ഞു കാശ് വാങ്ങി എടുക്കും. അതൊരു വല്യ കാര്യം ആണ്. ആന്റണി പെരുമ്പാവൂർ അത്രയും വിധേയനും വിശ്വസ്ഥനുമാണ്. ഞങ്ങൾ മൂന്നു പേരും കൂടി ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. മോഹൻലാലിന്റെ കലാപരമായ കഴിവുകൾ അദ്ദേഹത്തിന്റെ തന്നെയാണ്. എന്നാൽ സാമ്പത്തിക വളർച്ചക്ക് പിന്നിൽ ആന്റണി പെരുമ്പാവൂർ ആണ്. മോഹൻലാൽ ചെയ്ത സിനിമയുടെയെല്ലാം കാശ് വാങ്ങി അദ്ദേഹത്തിന് കൊടുക്കുന്നത് ആന്റണി ആണ്. മോഹൻലാലിന് ആ കഴിവില്ല”.

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഫെബ്രുവരി 18ന് തിയേറ്ററുകളിൽ എത്തിയ ആറാട്ട് ആണ് മോഹൻലാലിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.