മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ബിഗ് ബി-ക്ക് ശേഷം അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപർവ്വം. ദേവദത്ത് ഷാജിയും അമൽ നീരദും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റ സംഭാഷണം എഴുതിയിരിക്കുന്നത് ആർ ജെ മുരുകനാണ്. രവിശങ്കർ ആണ് അഡിഷണൽ സ്ക്രീൻപ്ലേ കൈകാര്യം ചെയ്തിരിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ഈ ചിത്രത്തിന്റെ നിർമ്മാണം അമൽനീരദ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ അമൽ നീരദ് തന്നെയാണ് പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.

മാർച്ച് മൂന്നിന് തിയേറ്ററിലെത്തിയ ചിത്രം വലിയ പ്രേക്ഷക പ്രതികരണമാണ് നേടിയെടുത്തത്. ചിത്രം അഞ്ചു ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിൽ ഇടം നേടുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ഭീഷ്മപർവം. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ ആണ് ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിൽ എത്തിയ മലയാള ചിത്രം.ചിത്രം ഇതിനോടകം തന്നെ 80 കോടിയിലേറെ രൂപ ആഗോള കളക്ഷനായി നേടിക്കഴിഞ്ഞു.

ഇപ്പോൾ ഭീഷമപർവ്വത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകാൻ ഉള്ള സാധ്യതയെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് തിരക്കഥാകൃത്തിൽ ഒരാളായ ദേവ്ദത്ത് ഷാജി. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ വെച്ചാണ് ദേവ്ദത്ത് ഇതിനെപ്പറ്റി സംസാരിച്ചത്. ദേവ്ദത്തിന്റെ വാക്കുകൾ, ” ഭീഷമപർവ്വത്തിന് രണ്ടാം ഭാഗം ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും ഒരുപോലെ സാധ്യത ഉണ്ട്. ഡീറ്റൈൽഡ് ആയിട്ടുള്ള ഒരു ബാക്ക് സ്റ്റോറി ക്രീയേറ്റ് ചെയ്തതിനു ശേഷം മാത്രമാണ് അമൽ സർ ഭീഷമപർവ്വം സ്ക്രിപ്റ്റിൽ എത്തിയത്. അതുകൊണ്ട് തന്നെ ഭീഷമക്ക് രണ്ടാം ഭാഗം ഉണ്ടോ എന്ന് അമൽ സാറിനോട് തന്നെ ചോദിക്കണം. ഒരു രണ്ടാം ഭാഗത്തിനുള്ള സാധ്യത ഒക്കെ ചിത്രത്തിന് ഉണ്ടെങ്കിലും എനിക്കോ അമൽ സാറിനോ ഇതുവരെ അങ്ങനെ ഒരു ചിന്ത ഉണ്ടായിട്ടില്ല. രണ്ടാം ഭാഗം ഉണ്ടാവണമെങ്കിൽ അതിന് അദ്ദേഹം തന്നെ ചിന്തിക്കണം. നിലവിൽ രണ്ടാം ഭാഗത്തേക്കുറിച്ച് ഒരു പ്ലാനും ഞങ്ങൾക്ക് ഇല്ല”.

സുഷിൻ ശ്യാം സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, കെ പി എ സി ലളിത, നെടുമുടി വേണു, സുദേവ് നായർ, നാദിയ മൊയ്തു, ശ്രിന്ദ, ശ്രീനാഥ് ഭാസി, അനഘ, മാലാ പാർവതി, അനസൂയ ഭരദ്വാജ്, അബുസലിം, ധന്യ അനന്യ, പോളി വിൽസൺ, കോട്ടയം രമേശ്, വീണ നന്ദകുമാർ, ലെന, ഹാരിസ് ഉത്തമൻ, ഷെബിൻ ബെൻസൺ, ജിനു ജോസഫ്, ഗീതി സംഗീത തുടങ്ങിയവരും അഭിനയിച്ചിരുന്നു.