ബാഹുബലി സീരിയസ്സിൽ ഒരുങ്ങിയ ചിത്രങ്ങളുടെ വമ്പൻ വിജയത്തിന് ശേഷം ബ്രഹ്മാണ്ട സംവിധായകൻ എസ് എസ് രാജമൗലി സംവിധാനം ചെയ്ത് ഇന്ന് ലോകമെമ്പാടും ഉള്ള തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ആർ ആർ ആർ.

ദൃശ്യവിസ്മയങ്ങളുടെ ഒരു കലവറ തന്നെയാണ് രാജമൗലി ഈ ചിത്രത്തിൽ ഒരുക്കിയിരുക്കുന്നത്. മാസ്സ് രംഗങ്ങൾക്കും വൈകാരിക രംഗങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.

ഓരോ കഥാപാത്രങ്ങളേയും കൃത്യമായി പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ ശേഷമാണ് സിനിമ പ്രധാന വിഷയങ്ങളിലേക്ക് കടക്കുന്നത്. ജൂനിയർ എൻടിആറിന്റെയും രാം ചരണിന്റെയും കരിയറിലെ തന്നെ മികച്ച എൻട്രി സീൻ ആണ് ചിത്രത്തിൽ ഉള്ളത്.

രാജമൗലിയുടെ മുൻപ് ഉള്ള ചിത്രങ്ങളിൽ തിരക്കഥ ആയിരുന്നു താരം. ഈ ചിത്രത്തിലേക്ക് വരുമ്പോൾ രണ്ട് സൂപ്പർ താരങ്ങളുടെ ഫാൻസുകാർക്ക് വേണ്ടി തിരക്കഥയിൽ ചെറിയ വിട്ടുവീഴ്ച്ച ചെയ്തിട്ടുണ്ട് രാജമൗലി. ബ്രിട്ടീഷുകാർ തട്ടിക്കൊണ്ട് പോയി തടവിൽ പാർപ്പിച്ച ഗോത്ര വർഗത്തിൽ പെട്ട ഒരു പെൺകുട്ടിയെ രക്ഷിക്കാൻ അഡിലാബാദിൽ നിന്നും ഡൽഹിയിലേക്ക് എന്തും ചെയ്യാൻ തുനിഞ്ഞു വരുന്ന ഭീമും, ഒരു നിഗൂഢമായ ലക്ഷ്യത്തോടെ ബ്രിട്ടീഷ് പോലീസ് ഫോഴ്സിൽ ജോലി ചെയ്യുന്ന റാമും ഡൽഹിയിൽ വെച്ച് കണ്ടുമുട്ടുന്നതും പിന്നീട് ഉള്ള അവരുടെ സൗഹൃദവും, പകയും തെറ്റിധാരണയും, പ്രണയവും ഒക്കെയാണ് ഈ ചിത്രം പറയുന്നത്.

ഒരു സാദാ കഥയെ വളരെ മികച്ച രീതിയിൽ പ്രേക്ഷകനെ മടുപ്പിക്കാതെ സ്ക്രീനിൽ എത്തിച്ച രാജമൗലി തന്നെയാണ് ഇതിലെ താരം. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയർ എൻടിആറും രാം ചരണും വളരെ മികച്ച രീതിയിൽ തങ്ങളുടെ കഥാപാത്രങ്ങളെ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. മറ്റ് ഉള്ളവർക്ക് അധികം സ്ക്രീൻ സ്പേസ് ഇല്ലായിരുന്നെങ്കിലും അജയ് ദേവ്ഗൺ, ആലിയ ഭട്ട്, റേ സ്റ്റീവ്സൺ, അലിസൺ ഡൂഡി, ഒലിവിയ മോറിസ്സ് തുടങ്ങിയവർ തങ്ങളുടെ റോളുകൾ ഭംഗിയാക്കി.

എം എം കീരവാണി സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം കെ കെ സെന്തിൽ കുമാർ, എഡിറ്റിംഗ് ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈൻ സാബു സിറിൽ എന്നിവരാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ബാഹുബലിയും ധീരയും ഒക്കെ പോലത്തെ ഒരു മാസ്സ് ആക്ഷൻ ഡ്രാമ കാണാൻ ഇഷ്ടപെടുന്നവർക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാവുന്ന ചിത്രം ആണ് ആർ ആർ ആർ. തിയേറ്ററിൽ തന്നെ അനുഭവിച്ചറിയേണ്ട ഒരു ദൃശ്യ വിസ്മയം തന്നെയാണ് ഈ ചിത്രം.