മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ താരവും മികച്ച നടന്മാരിൽ ഒരാളുമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. 1978-ൽ തിരനോട്ടം എന്ന ചിത്രത്തിലൂടെ തന്റെ പതിനെട്ടാമത്തെ വയസ്സിൽ അഭിനയ ജീവിതം തുടങ്ങിയ മോഹൻലാൽ ഇന്ന് 44 വർഷങ്ങൾക്കിപ്പുറം തന്റെ അറുപതിയൊന്നാം വയസ്സിലും ആ യാത്ര തുടരുകയാണ്. ആദ്യമായി അഭിനയിച്ച ചിത്രം തിരനോട്ടം ആയിരുന്നെങ്കിലും മോഹൻലാൽ അഭിനയിച്ച് പുറത്തിറങ്ങിയ ആദ്യ ചിത്രം 1980-ൽ പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കളായിരുന്നു. അഭിനേതാവ് എന്നതിന് പുറമെ പ്രൊഡ്യൂസർ, ഗായകൻ, ടെലിവിഷൻ ഹോസ്റ്റ്, ഡിസ്ട്രിബൂട്ടർ എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച മോഹൻലാൽ മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. 5 നാഷണൽ അവാർഡുകളും 9 കേരള സ്റ്റേറ്റ് അവാർഡുകളും മോഹൻലാലിന് ലഭിച്ചിട്ടുണ്ട്.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ഫാസിൽ ചിത്രത്തിൽ ശങ്കറിന്റെ വില്ലനായി തുടങ്ങിയ മോഹൻലാലിന് അതിന് ശേഷം വന്ന ഭൂരിഭാഗം സിനിമകളിലും വില്ലൻ വേഷമാണ് ലഭിച്ചത്. അതിലെല്ലാം തന്നെ സ്ത്രീ സ്ത്രീലമ്പണനായ വില്ലനായിരുന്നു എന്നതും ശ്രെദ്ധേയമാണ്. എന്തിനോ പൂക്കുന്ന പൂക്കൾ, കാളിയമർദ്ദനം, ഉയരങ്ങളിൽ തുടങ്ങിയ ചിത്രങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. എന്റെ മോഹങ്ങൾ പൂവണിഞ്ഞു, ആട്ടക്കലാശം, കളിയിൽ അല്പം കാര്യം, എന്റെ മാമാട്ടിക്കുട്ടിയമ്മക്ക്, എങ്ങനെ നീ മറക്കും തുടങ്ങിയ തുടർന്നു വന്ന ചിത്രങ്ങളിലെ റോളുകളാണ് മോഹൻലാലിനെ വില്ലൻ റോളുകളുടെ ചട്ടകൂടിൽ നിന്നും പുറത്തുകടക്കാൻ സഹായിച്ചത്. അങ്ങനെ ക്യാരക്ടർ റോളുകളും വില്ലൻ വേഷങ്ങളുമായി മുന്നോട്ട് പോയിരുന്ന മോഹൻലാലിന്റെ കരിയറിൽ വഴിതിരിവായത് എങ്ങനെ നീ മറക്കും എന്ന ചിത്രത്തിലെ ശംബു എന്ന കഥാപാത്രമായിരുന്നു. ചിത്രത്തിൽ നായകനെക്കാൾ കയ്യടി നേടിയ കഥാപാത്രമായിരുന്നു മോഹൻലാലിന്റേത്.

അതിന് ശേഷം സത്യൻ അന്തിക്കാടിന്റെ അപ്പുണ്ണി, പൂച്ചാക്കൊരു മൂക്കുത്തി, അതിരാത്രം, കരിമ്പിൻപ്പൂവിനക്കരെ തുടങ്ങി എഴുപതിലേറെ ചിത്രങ്ങളിൽ 1983 മുതൽ 86 ന്റെ തുടക്കം വരെ ക്യാറക്ടർ റോളുകൾ ചെയ്തും ചില ചിത്രങ്ങളിൽ നായകനായും മോഹൻലാൽ തിളങ്ങി. ഇതിൽ കൂടുതൽ ചിത്രങ്ങളിലും നായകന്മാരായത് മമ്മൂട്ടി ഉൾപ്പടെ ഉള്ള താരങ്ങളായിരുന്നു. അരം +അരം കിന്നരം, എന്നിഷ്ട്ടം നിന്നിഷ്ടം, ബോയിങ് ബോയിങ് തുടങ്ങിയ ചിത്രങ്ങളിലൂടെയായിയിരുന്നു മോഹൻലാൽ നായകനായത്. പ്രിയദർശൻ, സത്യൻ അന്തിക്കാട്, ഐ വി ശശി, പദ്മരാജൻ തുടങ്ങിയവരുടെയെല്ലാം ചിത്രങ്ങളിൽ പേരും പ്രശസ്തിയും പെരുമയും നേടി മോഹൻലാലിന്റെ കരിയർ തിളങ്ങിക്കൊണ്ടിരുന്നു.

1986 ജൂലൈ 16ന് ഡെന്നിസ് ജോസഫ് തിരക്കഥയെഴുതി തമ്പി കണ്ണന്താനം സംവിധാനം ചെയ്തു പുറത്തിറങ്ങിയ രാജാവിന്റെ മകൻ സൂപ്പർ ഹിറ്റ്‌ ആയി മാറിയതോടെ മോഹൻലാൽ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർന്നു. 1986 മോഹൻലാലിന്റെ കരിയറിൽ ഏറ്റവും കൂടുതൽ വിജയ ചിത്രങ്ങൾ സമ്മാനിച്ച വർഷം കൂടിയാണ്. 21 ചിത്രങ്ങളാണ് ആ വർഷം മോഹൻലാലിന്റേതായി പുറത്തുറങ്ങിയത്. താളവട്ടം, ഹലോ മൈ ഡിയർ റോങ് നമ്പർ, ദൂരെ ദൂരെ ഒരു കൂട് കൂട്ടാം, സന്മനസ്സ് ഉള്ളവർക്ക് സമാധാനം, ദേശാടനക്കിളി കരയാറില്ല, അടിവേരുകൾ, സുഖമോദേവി, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് തുടങ്ങിയ മിക്ക ചിത്രങ്ങളും വലിയ വിജയം നേടി. മികച്ച നടന് ഉള്ള ആദ്യ അവാർഡ് നേടികൊടുത്ത ടി പി ബാലഗോപാലൻ എം എ എന്ന ചിത്രവും 1986ൽ തന്നെയാണ് തിയേറ്ററുകളിൽ എത്തിയത്. 1986 മുതൽ 1990 വരെ നിരവധി വിജയച്ചിത്രങ്ങളിലൂടെ മോഹൻലാൽ തന്റെ താരസിംഹാസനം അരക്കിട്ടുറപ്പിച്ചു. ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിലെ സേതു, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ ദിവാകരൻ, വരവേൽപ്പിലെ മുരളി, സന്മനസ്സുള്ളവർക്ക് സമാധാനം എന്ന ചിത്രത്തിലെ ഗോപാലകൃഷ്ണൻ പണിക്കാർ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ അന്നത്തെ യുവാക്കൾ സ്‌ക്രീനിൽ കണ്ടത് അവരുടെ ജീവിതം തന്നെ ആയിരുന്നു.

ആ സമയങ്ങളിൽ ഇറങ്ങിയ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളായിരുന്നു ചിത്രം, ഇരുപതാം നൂറ്റാണ്ട്, ആര്യൻ തുടങ്ങിയ ആക്ഷൻ ചിത്രങ്ങളും വമ്പൻ വിജയമായിരുന്നു. മോഹൻലാലിനെ പോലെ അധോലോക നായകനായും അയലത്തെ പയ്യനായും പ്രേക്ഷകരെ കയ്യിലെടുത്ത മറ്റൊരു നടൻ ഉണ്ടോ എന്ന് സംശയം ആണ്.

എത്ര മോശം ചിത്രമാണെങ്കിലും ഒരു മോഹൻലാൽ ചിത്രം ബോക്സ്ഓഫീസിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നതിന് കാരണം മോഹൻലാൽ 1985 മുതൽ 90 വരെയുള്ള കാലഘട്ടത്തിൽ ചെയ്ത ചിത്രങ്ങളിലൂടെ നേടിയെടുത്ത പ്രേക്ഷകപ്രീതിയാണ്.

തൊണ്ണൂറുകൾ മുതൽ മോഹൻലാൽ തന്നിലെ നടനെയും താരത്തെയും ഒരുപോലെ ഉപയോഗിക്കുന്ന സിനിമകൾ മാറി മാറി ചെയ്തിരുന്നു. 2000 ഒക്കെ ആയപ്പോൾ അഭിനയ പ്രാധാന്യം ഉള്ള സിനിമകളുടെ എണ്ണം കുറഞ്ഞു വന്നു. കൂടുതലും തന്റെ സ്റ്റാർ വാല്യൂ ഉപയോഗിക്കുന്ന മോഹൻലാലിനെ ആണ് 2000 തൊട്ട് കാണാൻ കഴിഞ്ഞത്. എങ്കിലും തന്മാത്ര, വടക്കുംനാഥൻ, ഭ്രമരം തുടങ്ങിയ മോഹൻലാലിലെ നടനെ ഉപയോഗിച്ച സിനിമകളും ബാലേട്ടൻ, ഉദയനാണ് താരം, നരൻ, ചോട്ടാ മുംബൈ, ഹലോ മാടമ്പി, ട്വന്റി 20, തുടങ്ങിയ നടനെയും താരത്തെയും ഒരുപോലെ ഉപയോഗിച്ച സിനിമകളും മോഹൻലാൽ ചെയ്തു.

2010ന് ശേഷം മോഹൻലാലിലെ നടനെ ഉപയോഗിച്ച സിനിമകൾ വളരെ കുറവാണ്. പ്രണയം, ഗ്രാൻഡ്മാസ്റ്റർ, സ്പിരിറ്റ്‌, ദൃശ്യം, ജനതാ ഗാരേജ്, ഒപ്പം, വില്ലൻ തുടങ്ങിയ സിനിമകളിൽ ആണ് 2010 ന് ശേഷം മോഹൻലാൽ എന്ന നടനെ ഒരു പരിധി വരെ എങ്കിലും ഉപയോഗിച്ചു എന്ന് പറയാവുന്ന ചിത്രങ്ങൾ. 2017 ൽ പുറത്തിറങ്ങിയ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത വില്ലന് ശേഷം മോഹൻലാലിലെ അഭിനേതാവിനോട് നീതി പുലർത്തിയ ഒരു സിനിമയും പിന്നീട് ഇതുവരെ ഉണ്ടായിട്ടില്ല. അതിന് ശേഷം പുറത്തിറങ്ങിയ വെളിപാടിന്റെ പുസ്തകം, ഒടിയൻ, ലൂസിഫർ, ഇട്ടിമാണി, മരക്കാർ, ദൃശ്യം -2, ബ്രോ ഡാഡി എന്നീ ചിത്രങ്ങൾ എല്ലാം തന്നെ മോഹൻലാലിലെ താരത്തെ മുന്നിൽ കണ്ട് ഒരുക്കിയത് ആയിരുന്നു. അതിൽ തന്നെ ദൃശ്യം-2, ലൂസിഫർ എന്നീ ചിത്രങ്ങളിൽ മാത്രമാണ് ആ പഴയ മോഹൻലാലിലെ പ്രതിഭയുടെ മിന്നലാട്ടങ്ങൾ കുറച്ചെങ്കിലും കാണാൻ കഴിഞ്ഞത്. ബാക്കി ചിത്രങ്ങൾ എല്ലാം ഒരു തരത്തിലും മോഹൻലാൽ എന്ന നടനോട് നീതി പുലർത്താതെ പോയ ചിത്രങ്ങൾ ആണ്.

പണ്ടത്തെ പോലെ തന്നിലെ നടനെയും താരത്തെയും ഉപയോഗിക്കുന്ന സിനിമകൾ മാറി മാറി ചെയ്യുന്ന മോഹൻലാലിനെ കാണാൻ ആണ് ആരാധകർക്കും മലയാളി പ്രേക്ഷകർക്കും ഇഷ്ടം. അതിനായി എല്ലാവരും ഒരുപോലെ കാത്തിരിക്കുകയാണ്.

1986ൽ സൂപ്പർതാര പട്ടം നേടിയ മോഹൻലാൽ തുടർന്ന് വന്ന സിനിമകളിലൂടെ മലയാള സിനിമയിലെ തന്റെ താരസിംഹാസനം കെട്ടിപ്പടുത്തി. അതിന് ഇന്നും ഒരു കോട്ടവും തട്ടിയിട്ടില്ല. ഇന്നും തലമുറകളെ വിസ്മയിപ്പിക്കുന്ന സൂപ്പർസ്റ്റാറായി മോഹൻലാൽ തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

12ത്ത് മാനിലെ ഫിദക്ക് വേണ്ടിയിരുന്നത് തന്നിലെ ഈ ഗുണം ആയിരുന്നു

അടുത്തഇടെ ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ആണ് 12ത്…

ഇവിടെ വന്നു അവസാനമായി ഞങ്ങളെ കണ്ടിട്ടാണ് ഞങ്ങളുടെ സുമേഷേട്ടൻ പോയത്

സിനിമാലോകത്തെ മൊത്തത്തിൽ ഞെട്ടിച്ചിരിക്കുന്ന വാർത്തയാണ് സിനിമ സിരിയൽ താരം പി ഖാലിദ് ന്റെ മരണം. മഴവിൽ…

ലാലേട്ടന്റെ പുതിയ വീട് സന്ദർശിച്ചു മമ്മൂക്ക; ഒരുമിച്ചുള്ള ചിത്രം ഇനി എപ്പോൾ എന്ന് ആരാധകർ

പൃഥ്വിരാജിന് ശേഷം ഇപ്പോൾ മോഹൻലാലിന്റെ പുതിയ വീട് സന്ദർശിച്ച ഏറ്റവും പുതിയ സെലിബ്രിറ്റി സൂപ്പർസ്റ്റാറിന്റെ മികച്ച…

മലയാള ചിത്രം സമ്മർ ഇൻ ബെത്ലെഹെമിന് രണ്ടാം ഭാഗം ഒരുങ്ങുന്നു; അതിശയിച്ചു താരങ്ങളും പ്രേക്ഷകരും

ജയറാം, സുരേഷ് ഗോപി, മഞ്ജു വാര്യർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച 1998-ൽ പുറത്തിറങ്ങിയ സമ്മർ…