മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ് നവ്യാ നായർ. 2001ൽ ഇഷ്ടം എന്ന ദിലീപ് ചിത്രത്തിൽ അഞ്ജന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമ ലോകത്തേക്ക് കടന്ന് വന്ന നവ്യാ 2012 ൽ വിവാഹ ശേഷം അഭിനയത്തിൽ നിന്ന് ബ്രേക്ക് എടുത്തിരുന്നു. ഏതാണ്ട് പത്ത് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ നവ്യാ മലയാളത്തിലേക്ക് നായികയായി തിരിച്ചെത്തിയിരിക്കുകയാണ്. വി കെ പ്രകാശ് നവ്യ നായർ, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ഒരുത്തീ എന്ന ചിത്രത്തിലൂടെ ആണ് നായിക ആയി നവ്യ മലയാളത്തിലേക്ക് തിരിച്ചു വന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ ആണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. നവ്യയുടെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ഒരുത്തിയിലേത് എന്നാണ് പ്രേക്ഷകാഭിപ്രായം.

മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ നായകന്മാരുടെയും കൂടെ അഭിനയിച്ച നടി കൂടിയാണ് നവ്യ. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി,ജയറാം,ദിലീപ്, പ്രിത്വിരാജ്, ജയസൂര്യ തുടങ്ങി ഒട്ടുമിക്ക നടന്മാരുടെ കൂടെ നവ്യ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ മലയാള സിനിമ നടിമാർ ഭരിക്കുന്ന ഒരു കാലം വരുമെന്ന് പറഞ്ഞിരിക്കുകയാണ് നവ്യ നായർ. തന്റെ പുതിയ ചിത്രമായ ഒരുത്തിയുടെ റിലീസിനോട് അനുബന്ധിച്ച് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് നവ്യ ഇതിനെക്കുറിച്ച് പറഞ്ഞത്. മലയാള സിനിമയിൽ ഇപ്പോഴും സ്ത്രീ പുരുഷ വേർതിരിവ് ഉണ്ട്. പണ്ട് മലയാള സിനിമ ഭരിച്ചിരുന്നത് നായിക നടിമാർ ആയിരുന്നു. ഭാവിയിൽ നടിമാർ ഭരിക്കുന്ന കാലം തിരിച്ചു വരും. നായകന്മാരേക്കാൾ നടിമാരുടെ പേരിൽ സിനിമ അറിയപ്പെടും. സിനിമയോടൊപ്പം സഞ്ചരിക്കുന്നവർ ആണ് നടി നടൻമാർ. സിനിമ എന്നും അവിടെ തന്നെ കാണും. അതുകൊണ്ട് തന്നെ കാലക്രമേണ അതിന് മാറ്റങ്ങളും സംഭവിക്കും. ഷീലയും, ജയഭാരതിയും, ശാരധയും അഭിനയിച്ചിരുന്ന കാലത്ത് നായകന്മാരേക്കാൾ അവരുടെ പേരിലാണ് സിനിമകൾ അറിയപ്പെട്ടിരുന്നത്. ഭാവിയിൽ ആ കാലം വീണ്ടും തിരിച്ചുവരും. നവ്യ പറയുന്നു.