ബിഗ് ബിക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപർവ്വം. ദേവദത്ത് ഷാജിയും അമൽ നീരദും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റ സംഭാഷണം എഴുതിയിരിക്കുന്നത് ആർ ജെ മുരുകനാണ്. രവിശങ്കർ ആണ് അഡിഷണൽ സ്ക്രീൻപ്ലേ കൈകാര്യം ചെയ്തിരിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ഈ ചിത്രത്തിന്റെ നിർമ്മാണം അമൽനീരദ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ അമൽ നീരദ് തന്നെയാണ് പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.

മാർച്ച് മൂന്നിന് തിയേറ്ററിലെത്തിയ ചിത്രം വലിയ പ്രേക്ഷക പ്രതികരണമാണ് നേടിയെടുത്തത്. ചിത്രം അഞ്ചു ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിൽ ഇടം നേടുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ഭീഷ്മപർവം. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ ആണ് ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിൽ എത്തിയ മലയാള ചിത്രം.

ഇപ്പോൾ മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഭീഷമപർവ്വം. മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മൂന്നാമത്തെ ചിത്രമായിരിക്കുകയാണ് ഭീഷമപർവ്വം ഇപ്പോൾ. ദുൽഖർ സൽമാൻ ചിത്രം കുറുപ്പിന്റെ കളക്ഷൻ റെക്കോർഡ് ആണ് ഭീഷമ മറികടന്നത്. ഇനി മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുഗനും പ്രിത്വിരാജ് സംവിധാനം ചെയ്ത ലൂസിഫറും മാത്രമാണ് ഭീഷമക്ക് മുന്നിൽ ഉള്ളത്.

റിലീസ് ചെയ്ത് മൂന്ന് ആഴ്ച പിന്നിട്ടിട്ടും വലിയ പ്രേക്ഷക പിന്തുണ നേടി കൊണ്ട് ഭീഷ്മപർവ്വം പ്രദർശനം തുടരുകയാണ്. ചിത്രം വൈകാതെ നൂറ് കോടി എന്ന സ്വപന നേട്ടം കൈവരിക്കും എന്നാണ് പ്രതീക്ഷകൾ. കോവിഡ് പ്രതിസന്ധിക്ക് ശേഷം കേരളത്തിലെ തിയേറ്ററുകളിൽ ഇത്രയധികം ആവേശവും ആളുകളെ കൊണ്ടുവന്ന വേറൊരു ചിത്രവും ഉണ്ടായിട്ടില്ലെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാർ അഭിപ്രായപ്പെട്ടു.

സുഷിൻ ശ്യാം സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ വമ്പൻ താരനിരയും അണിനിരന്നിരുന്നു. സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, കെ പി എ സി ലളിത, നെടുമുടി വേണു, സുദേവ് നായർ, നാദിയ മൊയ്തു, ശ്രിന്ദ, ശ്രീനാഥ് ഭാസി, അനഘ, മാലാ പാർവതി, അനസൂയ ഭരദ്വാജ്, അബുസലിം, ധന്യ അനന്യ, പോളി വിൽസൺ, കോട്ടയം രമേശ്, വീണ നന്ദകുമാർ, ലെന, ഹാരിസ് ഉത്തമൻ, ഷെബിൻ ബെൻസൺ, ജിനു ജോസഫ്, ഗീതി സംഗീത തുടങ്ങിയവരും അഭിനയിച്ചിരുന്നു.
