മലയാള സിനിമയിലെ ശ്രദ്ധേയയായ അഭിനേത്രിയാണ് കൃതിക പ്രദീപ്. ആദി, കൂടാശ, മന്ദാരം, മോഹൻലാൽ, ആമി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങളിൽ കൃതിക അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മകനും യുവ നടനുമായ പ്രണവ് മോഹൻലാലിനോടുള്ള തന്റെ ക്രഷ് വെളിപ്പെടുത്തിയിരിക്കുകയാണ് കൃതിക. ഒരിക്കൽ ആശുപത്രിയിൽ സഡേഷനിൽ കിടക്കുമ്പോൾ എവിടെയോ പ്രണവിന്റെ പേര് കേട്ട് താൻ ചാടി എഴുന്നേറ്റിട്ടുണ്ടെന്നും അത്രമാത്രം ക്രഷ് തനിക്ക് ആ സമയം പ്രണവിനോട് ഉണ്ടായിരുന്നു എന്നും കൃതിക പറയുന്നു. ഇതല്ലാതെയും മുൻപ് പല തവണ പ്രണവിനോടുള്ള ക്രഷിനെക്കുറിച്ച് കൃതിക വെളിപ്പെടുത്തിയിരുന്നു.

എനിക്ക് അപ്പന്റിക്സിന്റെ ഓപ്പറേഷൻ നടത്തി. ഞാൻ അപ്പോൾ പത്താം ക്ലാസ്സ് ഒക്കെ കഴിഞ്ഞു ഇരിക്കുകയായിരുന്നു. ആദി സിനിമ പൂർത്തിയായിട്ട് അധികം നാളായിട്ടില്ല. മരുന്നിന്റെ സഡേഷനിൽ ഞാൻ ബോധം കെട്ട് കിടക്കുകയായിരുന്നു. എന്നെ റൂമിലേക്ക് മാറ്റുന്ന സമയം ആരോ ദേ പ്രണവ് മോഹൻലാൽ വന്നിട്ടുണ്ട്, എഴുനേറ്റു നോക്കാൻ പറഞ്ഞു. അതുകേട്ടതും സഡേഷനിൽ ആയിരുന്ന ഞാൻ ചാടി എഴുന്നേറ്റു. ആ സമയം പ്രണവിനോട് അത്രമാത്രം ക്രഷ് ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം എം ജി ശ്രീകുമാർ അവതാരകനായെത്തിയ ഒരു പരിപാടിക്കിടെയാണ് കൃതിക പ്രണവിനോടുള്ള ക്രഷിനെക്കുറിച്ച് വീണ്ടും പറഞ്ഞത്. പ്രണവ് വളരെ നല്ലൊരു മനുഷ്യനാണ്. എപ്പോഴും ആ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടാകും. ഗിറ്റാറൊക്കെ വളരെ നന്നായി വായിക്കും, പാട്ടും പാടും. മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്ത സ്വഭാവഗുണങ്ങൾ ഉള്ള ഒരാളാണ് പ്രണവ്. ഇങ്ങനെ ഉള്ള ഒരാളോട് ഇഷ്ടം തോന്നുന്നത് സ്വാഭാവികമാണല്ലോ എന്ന് കൃതിക പറയുന്നു. ഇപ്പോഴും പ്രണവുമായി കോൺടാക്ട് ഉണ്ടെന്നും ബെർത്ത്ഡേക്ക് ഒക്കെ മെസ്സേജ് അയക്കാറുണ്ടെന്നും പ്രണവ് അതിന് റിപ്ലൈ തരാറുണ്ടെന്നും കൃതിക പറഞ്ഞു. പരിപാടിക്ക് അവസാനം പ്രണവിന് വേണ്ടി കൃതിക ഒരു ഗാനവും ആലപിച്ചു. സുരാജിനെ നായകനാക്കി എം പദ്മകുമാർ സംവിധാനം ചെയ്യുന്ന പത്താം വളവ് ആണ് കൃതിക അഭിനയിച്ച് ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

പ്രണവ് ആദ്യമായി നായക കഥാപാത്രത്തെ അവതരിപ്പിച്ച ജീത്തു ജോസഫ് ചിത്രമായ ആദിയിൽ കൃതിക ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് ജനുവരിയിൽ പുറത്തിറങ്ങിയ ഹൃദയം എന്ന ചിത്രമാണ് പ്രണവിന്റേതായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം.