ഫഹദ് ഫാസിൽ, ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സഹീദ് അറഫത്തിന്റെ സംവിധാനത്തിൽ രണ്ട് വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച ചിത്രമാണ് തങ്കം. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ കൂട്ടുകെട്ട് ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ടായിരുന്നു. ദിലീഷ് പോത്തൻ ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളിൽ ഒരാളാണ്. ചിത്രത്തിന്റെ ചിത്രീകരണം ഈ വർഷം തുടങ്ങും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. കഴിഞ്ഞ ദിവസം പ്രമുഖ ഓൺലൈൻ മാധ്യമമായ ഒടിടി പ്ലേക്ക് നൽകിയ അഭിമുഖത്തിൽ ദിലീഷ് പോത്തൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്നാൽ ചിത്രത്തിൽ ഫഹദ് ഫാസിലിനും ജോജു ജോർജിനും പകരം വിനീത് ശ്രീനിവാസനും ബിജു മേനോനും ആയിരിക്കും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നാണ് ദിലീഷ് പോത്തൻ പറഞ്ഞത്. ചിത്രത്തിൽ ദിലീഷ് പോത്തനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

ക്രൈം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനുകൾ കേരളം, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ. കുറച്ചു ഭാഗങ്ങൾ കോയമ്പത്തൂരിലും ചിത്രീകരിക്കും.

കുറച്ചു ദിവസങ്ങൾക്കു മുൻപ് വിനീത് ശ്രീനിവാസൻ, കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ തുടങ്ങിയ താരങ്ങൾ തമിഴ് അഭിനേതാക്കൾക്ക് വേണ്ടിയുള്ള ഒരു കാസ്റ്റിംഗ് കാൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഷെയർ ചെയ്തിരുന്നു. അത് ഈ വർഷം ചിത്രീകരണം തുടങ്ങാൻ പോകുന്ന തങ്കം എന്ന ചിത്രത്തിന്റേത് ആണ് എന്നാണ് റിപ്പോർട്ടുകൾ.

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങൾക്കു ശേഷം ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യം പുഷ്കരൻ എന്നിവർ കഴിഞ്ഞ വർഷം ജോജി എന്ന ചിത്രത്തിൽ ഒന്നിച്ചിരുന്നു. ശ്യാം പുഷ്കരന്റെ രചനയിൽ ദിലീഷ് പോത്തൻ സംവിധാനം നിർവഹിച്ച ചിത്രത്തിൽ ഫഹദ് ഫാസിലിനെ കൂടാതെ ബാബുരാജ്, ഷമ്മി തിലകൻ, ബേസിൽ ജോസഫ്, ഉണ്ണിമായ പ്രസാദ് തുടങ്ങിയ ഒട്ടേറെ താരങ്ങൾ അഭിനയിച്ചിരുന്നു. വർക്കിംഗ് ക്ലാസ്സ് ഹീറോ, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, നസ്രിയ ഫഹദ് എന്നിവരാണ് ജോജി നിർമിച്ചത്. ചിത്രം കഴിഞ്ഞ വർഷം ആമസോൺ പ്രൈം വീഡിയോ വഴി നേരിട്ട് റിലീസ് ചെയ്തിരുന്നു.