ജഗപൊക എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ വന്ന് കോമഡി വേഷങ്ങളിലൂടെ ശ്രദ്ധ നേടി പിന്നീട് ക്യാരക്ടർ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സുകളെ വിസ്മയിപ്പിച്ച നടനാണ് സുരാജ് വെഞ്ഞാറമൂട്.

ഇപ്പോൾ തന്റെ പേര് എങ്ങനെയാണ് സുരാജ് വെഞ്ഞാറമൂടായതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുരാജ് . ചിരി മയം എന്ന പുസ്തകത്തിലൂടെയാണ് സുരാജ് വെഞ്ഞാറമ്മൂട് ഇതിനെക്കുറിച്ച് പറഞ്ഞത്.

എന്റെ പേര് വി.വി. സുരാജ് എന്നാണ്. വി.വി കളഞ്ഞു പേരിനു പിന്നിൽ വെഞ്ഞാറമൂട് ചേർത്തു വച്ചതിനു പിന്നിലൊരു കഥയുണ്ട്.
അന്ന് കേരളത്തിലെ അറിയിപ്പെടുന്ന മിമിക്രി താരമാണ് കൊല്ലം സിറാജ്. അദ്ദേഹത്തിന്റെ പ്രോഗ്രാം കാണാൻ എല്ലായിടത്തും വലിയ ആൾക്കൂട്ടമാണ്.തിരുവനന്തപുരത്ത് സിറാജിന്റെ പരിപാടിയുണ്ടെങ്കിൽ ഇടിച്ചു കയറി മുന്നിൽ പോയിരുന്നു കാണുന്നവരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു.

ഒരു കാലത്ത് എല്ലാ മിമിക്രിക്കാരും പിന്തുടർന്ന് വന്ന താരമാണ് അദ്ദേഹം. സിനിമ താരങ്ങളുടെ ശബ്ദം ആദ്യം സ്റ്റേജിലെത്തിക്കുന്നത് അദ്ദേഹമായിരിക്കും. ഞാൻ പല ഐറ്റങ്ങളും അടിച്ചോണ്ട് പോയി അവതരിപ്പിച്ചിട്ടുണ്ട്.
ഞാൻ ട്രൂപ്പിൽ കളിക്കുന്ന സമയത്ത് മറ്റു അംഗങ്ങളോട് കൊല്ലം സിറാജിനൊപ്പം പ്രോഗ്രാം ചെയ്തിട്ടുണ്ടെന്നു കള്ളം പറയുമായിരുന്നു. അത് കേൾക്കുമ്പോൾ അവർക്ക് അതിശയമാണ്; അസൂയയും.സിറാജിന്റെ കൂടെ പ്രോഗ്രാം ചെയ്യുകയെന്നാൽ സിനിമയിൽ അഭിനയിച്ച ഇഫെക്റ്റാണ്.

തിരുവനന്തപുരംകാരനായ എനിക്ക് കൊല്ലത്ത് കൂടുതൽ പ്രോഗ്രാം കിട്ടാൻ കാരണം സിറാജിന്റെ തിരക്കാണ്. പ്രോഗ്രാം നോട്ടീസിൽ സിറാജും സംഘവും എന്നാണ് അടിച്ചു വരിക. പ്രോഗ്രാം ചെയ്യുന്നത് സുരാജും. സിറാജും – സുരാജും പേരുകൾ പലപ്പോഴും തെറ്റിപ്പോകും. സുരാജ് എന്ന് എത്ര തവണ പറഞ്ഞു കൊടുത്താലും നോട്ടിസിൽ തെറ്റിച്ചേ അടിക്കു. അതിന്റെ കുഴപ്പമറിയുന്നത് ഞാൻ സ്റ്റേജിൽ കയറുമ്പോഴാണ്.

‘സിറാജേ…അളിയാ നീ എവിടെ?’ എന്നൊക്കെ ഓഡിയൻസ് വിളിച്ചു ചോദിക്കുമ്പോൾ ഞാൻ പറയും.’സിറാജല്ല സുരാജാണ്.’ അപ്പോഴത്തെ റിയാക്ഷൻ പലയിടത്തും മോശമായിരുന്നു. നീയാരെടാ…. പോടാ… പോയി സിറാജിനോട് വരാൻ പറ. അവൻ വന്നിട്ട് തുടങ്ങിയാൽ മതിയെന്ന് പറഞ്ഞു ബഹളമാണ്. നമ്മൾ എന്ത് പറയും. പിന്നെ കാണുന്നത് സംഘാടകരുടെ നെട്ടോട്ടമാണ്. കൊല്ലത്തുകാർക്ക് പരിചയമുള്ള ഏക മിമിക്രിക്കാരൻ സിറാജാണ്.സുരാജിനെ ആർക്കുമറിയില്ല. അഥവാ ഇനി നോട്ടീസിൽ പേര് തെറ്റാതെ സുരാജ് എന്നടിച്ചാലും പ്രോഗ്രാം കാണാനെത്തുന്നവർ ചോദിക്കുന്നത് സിറാജിനെയാണ്.സിറാജന്ന് അടിച്ചാലും സുരാജ് എന്നടിച്ചാലും അവർക്ക് കാണേണ്ടത് സിറാജിനെയാണ്.എങ്ങനെ പോയാലും പ്രശ്നമണ്.

സിറാജ് -സുരാജ് പേരിലുള്ള കൺഫ്യൂഷൻ ഒഴിവാക്കി എന്നെ തിരിച്ചറിയാൻ വേണ്ടിയാണ് സുരാജിന്റെ കൂടെ നാടിന്റെ പേര് ചേർത്ത് സുരാജ് വെഞ്ഞാറമൂട് എന്ന് വിപുലമാക്കിയത്.