അഞ്ച് വർഷങ്ങൾക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചു വരുന്നു. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ആദിൽ മൈമൂനത്ത് അഷ്‌റഫാണ്. ഷറഫുദ്ധീൻ ആണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോൺഹോമി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റെനിഷ് അബ്ദുൽ കാദർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഒരു റൊമാന്റിക് ഡ്രാമ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായഗ്രഹണം അരുൺ റുഷ്ദിയും കലാസംവിധാനം അനീഷ് നാടോടിയും നിർവഹിക്കുന്നു. പോൾ മാത്യൂസ്, നിഷാന്ത്, ജോക്കർ ബ്ലൂസ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിംഗും നിർവ്വഹിക്കുന്നത്.

വനിതാ ദിനത്തോടനുബന്ധിച്ച് പ്രശസ്ത മാധ്യമ പ്രവർത്തക ബർഖാ ദത്ത് ‘വി ദ വുമൺ ഓഫ് ഇന്ത്യ’ കൂട്ടായ്മയോടൊപ്പം ചേർന്ന് നടത്തുന്ന ഗ്ലോബൽ ടൗൺഹാൾ പരിപാടിയിൽ വെച്ച് ഭാവന കഴിഞ്ഞ ദിവസം മലയാളത്തിലേക്ക് ഉടനെ തിരികെ വരുമെന്ന കാര്യം വെളിപ്പെടുത്തിയിരുന്നു. പ്രിത്വിരാജ്, ജയസൂര്യ, ജിനു എബ്രഹാം, ആഷിഖ് അബു, ഷാജി കൈലാസ് തുടങ്ങിയ നിരവധി പേർ എന്നെ സിനിമയിലേക്ക് വിളിച്ചു. മലയാളത്തിലേക്ക് തിരിച്ചു വരണമെന്ന് പലരും നിർബന്ധിച്ചു. പക്ഷെ എല്ലാം എനിക്ക് വേണ്ടെന്ന് വെക്കേണ്ടി വന്നു. എന്റെ മനസ്സമാധാനത്തിനു വേണ്ടിയാണ് മലയാള സിനിമയിൽ നിന്ന് അഞ്ച് വർഷം മാറി നിന്നത്. എന്നാൽ ഇപ്പോൾ മലയാള സിനിമകളുടെ കഥ കേൾക്കുന്നുണ്ട് എന്നും ഭാവന അന്ന് പറഞ്ഞിരുന്നു. സംവിധായകൻ ആഷിക് അബുവും ഭാവനയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെ സംബന്ധിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഭാവനയ്ക്ക് ഒരു കഥ കേട്ട് ഇഷ്ടപ്പെട്ടിട്ടുണ്ടെന്നും ഉടനെ അതിന്റെ വിവരങ്ങൾ പുറത്തുവിടുമെന്നും ആഷിക് അബു പറഞ്ഞിരുന്നു.

2017-ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ആദം ജോൺ ആണ് ഭാവനയുടേതായി പുറത്തിറങ്ങിയ അവസാന മലയാള സിനിമ. അതിനുശേഷം താരം കന്നടയിൽ നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു. ടാഗരു, വിജയ് സേതുപതി-തൃഷ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ തമിഴ് ചിത്രം 96-ഇന്റെ റീമേക്കായ 99, ഇൻസ്‌പെക്ടർ വിക്രം, ശ്രീക്രിഷ്ണ@ജിമെയിൽ. കോം, ഭജരംഗി-2, ഗോവിന്ദ ഗോവിന്ദ എന്നീ ചിത്രങ്ങൾ ആണ് ആദം ജോണിനു ശേഷം ഭാവനയുടേതായി പുറത്തിറങ്ങിയിട്ടുള്ള ചിത്രങ്ങൾ .

മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയാണ് ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടത്. ചിത്രത്തിന്റെ ഷൂട്ടിംഗ് 2022 മെയിൽ ആരംഭിക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.