പ്രഭാസിനെ നായകനാക്കി രാധ കൃഷ്ണ കുമാർ സംവിധാനം ചെയ്തു മാർച്ച് 11നു തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് രാധേ ശ്യാം. ബിഗ് ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ നായികയെത്തിയിരിക്കുന്നത് പൂജ ഹെഗ്ഡെ ആണ്. യു വി ക്രീയേഷൻസിന്റെ ബാനറിൽ വംസി, ഭൂഷൺ കുമാർ, പ്രമോദ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രഭാസ് ചിത്രങ്ങൾ റിലീസിനെത്തുമ്പോൾ ഉണ്ടാവാറുള്ള ഹൈപോ, വല്യ ബഹളങ്ങളോ ഈ ചിത്രത്തിന് ഉണ്ടായിരുന്നില്ല.

1970 കളിൽ ആണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. ഒരു റൊമാന്റിക് ത്രില്ലെർ ആയി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ പ്രഭാസ് ലോക പ്രശസ്തനായ ഹസ്തരേഖ വിദഗ്ദനായ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഹസ്തരേഖ രംഗത്തെ ഐൻസ്റ്റീൻ എന്നാണ് വിക്രമാദിത്യ അറിയപ്പെട്ടിരുന്നത്. പ്രേരണ എന്ന ഡോക്ടർ കഥാപാത്രമായാണ് പൂജ ഹെഗ്ഡെ ചിത്രത്തിൽ എത്തുന്നത്.

ലോക നേതാക്കളും, ലോക കോടീശ്വരന്മാരെല്ലാം തങ്ങളുടെ ഭാവി അറിയാൻ കാണാൻ കൊതിക്കുന്ന അത്ര പ്രശസ്തനാണ് വിക്രമാദിത്യ. അങ്ങനെയിരിക്കെ ഇന്ത്യൻ പ്രധാനമന്ത്രിയോട് അടിയന്തരാവസ്ഥയെക്കുറിച്ച് പ്രവചിക്കുകയും അതിനു ശേഷം നാട് വിട്ട് ഇറ്റലിയിലേക്ക് പോകുകയും ചെയ്ത വിക്രമാദിത്യ അവിടെ വെച്ച് പ്രേരണയെ കണ്ടുമുട്ടുന്നതും തുടർന്നുണ്ടാകുന്ന അവരുടെ പ്രണയവും പിന്നീട് ഉണ്ടാവുന്ന അപ്രതീക്ഷിത പ്രതിസന്ധികളും പ്രണയത്തിനു വേണ്ടിയുള്ള വിധിയുമായുള്ള പോരാട്ടവുമാണ് ചിത്രം പറയുന്നത്.

ഇന്ത്യ, ഇറ്റലി, യൂറോപ്പ് എന്നിവിടങ്ങളായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം വലിയ ഒരു ദൃശ്യാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.പ്രഭാസ്,പൂജ ഹെഗ്ഡെ എന്നിവരുടെ പ്രകടനം വളരെ മികച്ചതായിരുന്നു. ചിത്രത്തിലെ മറ്റ് അഭിനേതാക്കളായ സത്യരാജ്, ജയറാം,ഭാഗ്യശ്രീ, കൃഷ്ണം രാജു, ജഗപതി ബാബു, പ്രിയദർശി, മുരളി ശർമ, സാഷ ചെത്രി,സച്ചിൻ കഥേക്കർ, കുണാൽ റോയ് കപൂർ, സത്യൻ എന്നിവർക്ക് വലുതായി ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ലായെങ്കിലും എല്ലാവരും തങ്ങൾക്ക് കിട്ടിയ കഥാപാത്രങ്ങൾ ഭംഗിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. പൂജ ഹെഗ്ഡയുടെ പ്രകടനമാണ് ചിത്രത്തിലെ ഏറ്റവും വല്യ പോസിറ്റീവ്. ഓരോ ചിത്രവും കഴിയുമ്പോഴും തന്നിലെ അഭിനേതാവിനെ മികച്ചതാക്കുന്ന പൂജയെ നമുക്ക് ഈ ചിത്രത്തിലും കാണാൻ സാധിക്കും.

പ്രണയവും വിധിയും ആയുള്ള പോരാട്ടമാണ് സിനിമ പറയുന്നതെങ്ങിലും സിനിമയെ പിന്നോട്ട് വലിക്കുന്ന ഘടകം അതിന്റെ തിരക്കഥ തന്നെയാണ്. തിരക്കഥയിലെ പോരായ്മകൾ ഒരു പരിധി വരെ ദൃശ്യങ്ങളിലൂടെയും അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളിലൂടെ മറികടക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. വിക്രമാദിത്യ -പൂജ കെമിസ്ട്രി ആണ് ചിത്രത്തിന്റെ ആത്മാവ് എന്ന് പറയാം. അത്രമാത്രം ഇവർ ഇരുവരും ചിത്രത്തെ മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്.

ഗാനങ്ങൾ ജസ്റ്റിൻ പ്രഭാകരനും പശ്ചാത്തലസംഗീതം എസ് തമനുമാണ് ഒരുക്കിയിരിക്കുന്നത്. മനോജ് പരമഹംസ ഛായഗ്രഹണവും കോട്ടഗിരി വെങ്കിടേശ്വര റാവു എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.
അമിത പ്രതീക്ഷകൾ എല്ലാം മാറ്റി വെച്ച്, മനോഹരമായ ഒരു ദൃശ്യാനുഭവം നൽകുന്ന ഒരു പ്രണയകാവ്യം കാണാൻ ഇഷ്ടമുള്ള പ്രേക്ഷകർക്ക് മികച്ച അനുഭവം തന്നെയായിരിക്കും രാധേ ശ്യാം സമ്മാനിക്കുക.