ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹൻ തിരക്കഥ എഴുതി സംവിധാനം ചെയ്തു 2022 ജനുവരി 14ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് മേപ്പടിയാൻ. ഉണ്ണി മുകുന്ദൻ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രം നിർമ്മിച്ചത്. തിയേറ്റർ റിലീസിന് ശേഷം ഫെബ്രുവരി 18ന് ചിത്രം ആമസോൺ പ്രൈം വിഡിയോയിൽ റിലീസ് ചെയ്തിരുന്നു.

ഇപ്പോൾ ബംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ മത്സരവിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് മേപ്പടിയാന് ലഭിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ഉണ്ണി മുകുന്ദൻ ഇതിന്റെ സന്തോഷം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ആരാധകരുമായി പങ്കുവെച്ചിരുന്നു. നൂറിൽ പരം ചിത്രങ്ങൾ മത്സരവിഭാഗത്തിലുണ്ടായിരുന്ന ചലച്ചിത്രമേളയിൽ 2020,2021 വർഷങ്ങളിൽ റിലീസ് ചെയ്ത സിനിമകളാണ് പ്രദർശിപ്പിച്ചത്.

2021ലെ മികച്ച ചിത്രമായി മേപ്പടിയാൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ 2020ലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം അസാമി ചിത്രം സേംഘോർ കരസ്ഥമാക്കി. ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ ബംഗളൂരു ഗവർണർ തവാർ ചന്ദ് ഗേഹ്ലോട്ട് അവാർഡുകൾ വിജയികൾക്ക് സമ്മാനിച്ചു.

ഒരു പൊളിറ്റിക്കൽ ഡ്രാമയായി എത്തിയ മേപ്പടിയാൻ എന്ന ചിത്രത്തിൽ ജയകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിച്ചത്. ഉണ്ണി മുകുന്ദനെ കൂടാതെ ചിത്രത്തിൽ അജു വർഗീസ്, സൈജു കുറുപ്പ്, കോട്ടയം രമേശ്, അഞ്ജു കുര്യൻ, നിഷ സാരഗ്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, ഇന്ദ്രൻസ്, അപർണ ജനാർദനൻ, മനോഹരി ജോയ്,ജോർഡി പൂഞ്ഞാർ, മേജർ രവി ,കുണ്ടറ ജോണി, ശങ്കർ രാമകൃഷ്ണൻ തുടങ്ങിയ വമ്പൻ താരനിരയും അണിനിരന്നിരുന്നു. നീൽ ഡി കുഞ്ഞ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റ എഡിറ്റിംഗ് ഷമീർ മുഹമ്മദും സംഗീതം രാഹുൽ സുബ്രമണ്യനുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.