ബോബി-സഞ്ജയ് എന്നിവരുടെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് ദുൽഖർ സൽമാനെ നായകനാക്കി ദുൽഖർ സൽമാൻ തന്നെ നിർമിക്കുന്ന സല്യൂട്ടിന് പിന്നാലെ ഡയറക്റ്റ് ഒടിടി റിലീസിനൊരുങ്ങി മമ്മൂട്ടി ചിത്രം പുഴു. സോണി ലൈവിലൂടെ തന്നെയാണ് പുഴുവും പ്രേക്ഷകരിലേക്ക് എത്തുന്നത്. സോണി ലൈവും ചിത്രത്തിന്റെ സംവിധായിക റത്തിനയും ഈ വിവരം ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുകയാണ്.

സല്യൂട്ട് നിർമ്മിച്ചിരിക്കുന്നതും പുഴു വിതരണത്തിനെത്തിക്കുന്നതും ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസാണ്. സിൻ സിൽ സെല്ലുലോയ്ഡ് എന്ന ബാനറിൽ എസ് ജോർജ് ആണ് പുഴു നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസാണ് സഹ നിർമ്മാണം.

നവാഗതയായ റത്തിനയാണ് പുഴുവിന്റെ സംവിധായിക. അഭിനയജീവിതത്തിന് അര നൂറ്റാണ്ട് തികയുമ്പോൾ മലയാളത്തിൽ ആദ്യമായാണ് ഒരു സംവിധായികക്കൊപ്പം മമ്മൂട്ടി ഒരു സിനിമ ചെയ്യുന്നത്. ഉണ്ടക്ക് ശേഷം ഹർഷാദ് എഴുതുന്ന ചിത്രം എന്ന പ്രത്യേകത കൂടെ ഈ ചിത്രത്തിനുണ്ട്. ഹർഷാദിനൊപ്പം ഷറഫ് -സുഹാസ് കൂട്ടുകെട്ട് കൂടി തിരക്കഥാരചനയിൽ പങ്കാളികളായിട്ടുണ്ട്.

തിയേറ്റർ റിലീസ് തീരുമാനിച്ചിരുന്ന സല്യൂട്ട് ഒടിടി റിലീസിന് കൊടുത്തതിൽ പ്രതിഷേധിച്ച് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ദുൽഖർ സൽമാൻ നിർമ്മിക്കുന്നതോ അഭിനയിക്കുന്നതോ ആയ ചിത്രങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. നൂറു ശതമാനം ഓക്യൂപെൻസിയിൽ തിയേറ്ററുകളിൽ സിനിമകൾ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത് സല്യൂട്ട് ഒടിടിക്ക് കൊടുത്ത് ദുൽഖർ തിയേറ്ററുകളെ വഞ്ചിക്കുകയാണെന്ന് ഫിയോക് പ്രസിഡന്റ് പറഞ്ഞിരുന്നു. ദുൽഖറിന്റെ ചിത്രങ്ങൾക്കുള്ള ഈ വിലക്ക് മമ്മൂട്ടി ചിത്രങ്ങളെയും ബാധിക്കുമോ എന്ന് ഉറ്റു നോക്കുകയാണ് പ്രേക്ഷകർ.

സല്യൂട്ട് മാർച്ച് 18 വെള്ളിയാഴ്ച പ്രേക്ഷകരിലേക്ക് എത്തും. പുഴുവിന്റെ റിലീസ് തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഏപ്രിൽ ആദ്യം തന്നെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
തേനി ഈശ്വർ ഛായഗ്രഹണം നിർവഹിക്കുന്ന പുഴുവിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത് ജെക്സ് ബിജോയ് ആണ്. ചിത്രത്തിൽ പാർവതി തിരുവോത്ത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതാദ്യമായാണ് മമ്മൂട്ടിയും പാർവതിയും ഒന്നിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മേനോൻ തുടങ്ങിയ ഒട്ടേറെ പ്രമുഖ താരങ്ങൾ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.