നടിപ്പിൻ നായകൻ സൂര്യയെ നായകനാക്കി പാണ്ടിരാജിന്റെ സംവിധാനത്തിൽ മാർച്ച് 10 നു പുറത്തിറങ്ങിയ ചിത്രമാണ് എതിർക്കും തുനിതവൻ. പ്രിയങ്ക അരുൾ മോഹൻ ആണ് ഈ ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത്. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മാസ്സ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്ചേഴ്സ് ബാനറിൽ കലാനിധി മാരൻ ആണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങൾക്കും ട്രെയിലറിനും മികച്ച വരവേൽപ്പാണ് ആരാധകർ നൽകിയത്.

കണ്ണബിരൻ എന്ന പേരിൽ ഒരു വക്കീൽ ആയാണ് സൂര്യ ഈ ചിത്രത്തിൽ എത്തിയിരിക്കുന്നത്. പ്രെസെന്റിൽ തുടങ്ങുന്ന കഥ പറച്ചിൽ പിന്നീട് കഥ പറയുന്നത് ഫ്ലാഷ് ബാക്കിലൂടെ ആണ്. തന്റെ അച്ഛനോടും അമ്മയോടും ഒപ്പം താമസിക്കുന്ന കണ്ണബിരൻ അവിരാചിതമായി ആദിനി എന്ന യുവതിയുമായി പരിചയത്തിൽ ആവുന്നതും, പിന്നീട് അവരുടെ പ്രണയവും, വിവാഹവും അതിനിടയിൽ അവരുടെ ജീവിതത്തിലേക്കു കടന്നു വരുന്ന ഒരു പ്രശ്നവും അവർ അതിനെ എങ്ങനെ മറികടക്കുന്നു എന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വളരെ സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയമാണ് ഈ സിനിമ പറഞ്ഞു വെച്ചിരിക്കുന്നത്.

സംവിധായകൻ പാണ്ടിരാജ് തന്നെയാണ് ചിത്രത്തിന്റെ രചന കൈകാര്യം ചെയ്തിരിക്കുന്നത്. ആർ. രത്നവേൽ ഛായഗ്രഹണവും, ഡി ഇമ്മൻ സംഗീതവും, റൂബൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. ചിത്രത്തിൽ സൂര്യ, പ്രിയങ്ക മോഹൻ എന്നിവരെ കൂടാതെ സത്യരാജ്, വിനയ് റായി, ശരണ്യ പൊൻവണ്ണൻ തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപെടുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.മാസ്സ് രംഗങ്ങൾ ഒരുക്കുന്നതിനോടൊപ്പം സൂര്യയെ നടൻ എന്ന രീതിയിലും നന്നായി ഉപയോഗിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. വളരെ മികച്ച രീതിയിൽ സൂര്യ കണ്ണാബീരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നായികയായെത്തിയ പ്രിയങ്ക മോഹന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം ആണ് ഈ ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്, പ്രേത്യേകിച്ചു സെക്കന്റ് ഹാഫിലേ ചില ഇമോഷൻ രംഗങ്ങളിൽ. ബാക്കി കഥാപാത്രങ്ങളെ അവതരിപ്പിച്ച വിനയ് റായി, സത്യരാജ്,ശരണ്യ പൊൻവണ്ണൻ അങ്ങനെ ചിത്രത്തിൽ വന്നു പോയ എല്ലാരും തന്നെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

തിയേറ്ററിൽ തന്നെ പോയി കണ്ട് ആസ്വദിക്കാൻ പറ്റിയ ഒരു മാസ്സ് ആക്ഷൻ ത്രില്ലെർ ആണ് എതിർക്കും തുനിതവൻ. ആക്ഷൻ ത്രില്ലെർ ഇഷ്ടപെടുന്നവർക്കും സൂര്യ ആരാധകർക്കും ഒരു വമ്പൻ വിരുന്നായിരിക്കും തിയേറ്ററുകളിൽ നിന്ന് ലഭിക്കുക.