ദുൽഖർ സൽമാന് വിലക്ക് ഏർപ്പെടുത്തി തിയേറ്റർ ഉടമകളുടെ സംഘടന ഫിയോക്. ദുൽഖറിന്റെ പുതിയ ചിത്രമായ സല്യൂട്ട് സോണി ലൈവിലൂടെ നേരിട്ട് റിലീസ് ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് ഫിയോക് ദുൽഖർ സൽമാന് വിലക്കേർപ്പെടുത്തിയത്.

ബോബി-സഞ്ജയ് എന്നിവരുടെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട് ജനുവരി 14ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും ഒമിക്രോൺ വരവോടെ തിയേറ്ററുകൾ അടക്കും എന്ന ഭീതിയിൽ റിലീസ് മാറ്റിവെക്കുകയായിരുന്നു. ദുൽഖർ സൽമാൻ നിർമ്മിക്കുന്നതോ അഭിനയിക്കുന്നതോ ആയ ഒരു ചിത്രവുമായി ഇനി സഹകരിക്കില്ലെന്ന് ഫിയോക് വ്യക്തമാക്കി.

തിയേറ്റർ റിലീസ് ചെയ്യാമെന്ന് വാഗ്ദാനം നൽകി ദുൽഖർ തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് ഫിയോക് പ്രസിഡന്റ് പറഞ്ഞു. വെയിഫറർ ഫിലിമിസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രം ഈ വെള്ളിയാഴ്ച സോണി ലൈവിലൂടെ പ്രേക്ഷകർക്ക് മുൻപിലെത്തും.
സല്യൂട്ട് ഒ ടി ടി ക്ക് കൊടുത്തു എന്ന് ഒരുപാട് അഭ്യൂഹങ്ങൾ നേരത്തെ വന്നിരുന്നുവെങ്കിലും കഴിഞ്ഞ ആഴ്ചയാണ് ദുൽഖർ സൽമാന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിതീകരണം ഉണ്ടായത്. ഇപ്പോൾ തിയേറ്റർ എല്ലാം തുറന്ന് ആളുകൾ കേറുന്ന ഈ സമയം ചിത്രം ഒ ടി ടി ക്ക് കൊടുത്തത് ദുൽഖർ തിയേറ്ററുകളോട് ചെയ്യുന്ന ചതിയാണെന്നും ഫിയോക് പറഞ്ഞു.

ചിത്രത്തിൽ ദുൽഖറിനെ കൂടാതെ ബോളിവുഡ് താരം ഡയാന പെന്റി, മനോജ് കെ ജയൻ, ലക്ഷ്മി ഗോപാലസ്വാമി, സായികുമാർ, വിജയകുമാർ, ബിനു പപ്പു, അലെൻസിയർ, സുധീർ കരമന, ബോബൻ, ദീപക്, അഭിരാം, സാനിയ ഇയപ്പൻ, ഇർഷാദ്, ഗണപതി, നിതിൻ തുടങ്ങിയ വൻ താരനിരയും അഭിനയിക്കുന്നു.
അസ്ലം കെ പുരയിൽ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ് ശ്രീകർ പ്രസാദ് എന്നിവരാണ് കൈകാര്യം ചെയ്തിരിക്കുന്നത്.