കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, വിനായകൻ, ദിലീഷ് പോത്തൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കമൽ കെ എം തിരക്കഥയെഴുതി സംവിധാനം ചെയ്തു ഇന്ന് പുറത്തിറങ്ങിയ സിനിമയാണ് പട. 1996-ൽ അന്നത്തെ സർക്കാർ ആദിവാസി ഭൂമി നിയമത്തിൽ കൊണ്ടുവന്ന ഭേദഗതിക്കെതിരായി നാലു യുവാക്കൾ അന്നത്തെ കളക്ടർ ആയിരുന്ന ഡബ്ല്യു. ആർ. റെഡ്ഢിയെ മണിക്കൂറുകളോളം കളക്ടർ ഓഫീസിൽ ബന്ദിയാക്കിയ കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് പട.

അയ്യങ്കാളിപ്പട എന്ന സംഘടനയാണ് അന്ന് ഈ ഓപ്പറേഷൻ നടത്തിയത്. ഒരു സംഭവ കഥയെ തിരക്കഥയിൽ യാതൊരുവിധ കോംപ്രമൈസും നടത്താതെ വളരെ റിയൽ ആയി തന്നെയാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. സ്ക്രിപ്റ്റും അഭിനേതാക്കളുടെ പ്രകടനവുമാണ് ചിത്രത്തിന്റെ നട്ടെല്ല്. വളരെ പെർഫെക്റ്റായ ഒരു സ്ക്രീൻപ്ലേ ആണ് പടയുടെ. വിഷയത്തിന്റെ പ്രാധാന്യവും ഗൗരവം ചോർന്നുപോകാതെ വളരെ കൃത്യതയോടെയാണ് കമൽ കെ എം ഈ ചിത്രത്തിന്റെ തിരക്കഥ കൈകാര്യം ഒരുക്കിയിരിക്കുന്നത്.

തിരക്കഥയിൽ എന്താണ് എഴുതിയിരിക്കുന്നത് അത് അതുപോലെ തന്നെ മികച്ച രീതിയിൽ സ്ക്രീനിൽ എത്തിക്കാനും അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. പ്രകടനത്തിലേക്ക് വന്നാൽ സ്ക്രീനിൽ വന്നു പോയവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനായകൻ എന്നിവരുടെ പ്രകടനങ്ങൾക്കൊപ്പം പ്രകാശ് രാജ്, ഷൈൻ ടോം ചാക്കോ, അർജുൻ രാധാകൃഷ്ണൻ, കനി കുസൃതി, ഇന്ദ്രൻസ്, ഉണ്ണിമായ പ്രസാദ്, ജയിംസ് ഈലിയ, ജഗദീഷ്, ശങ്കർ രാമകൃഷ്ണൻ, സന്തോഷ് കീഴാറ്റൂർ, കണ്ണൻ നായർ എന്നിവരും മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചിട്ടുള്ളത്.

ഈ ഫോർ എന്റർടൈൻമെന്റസിന്റെ ബാനറിൽ സി വി സാരഥി, മുകേഷ് മേത്ത, എ വി അനൂപ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം സമീർ താഹിർ, എഡിറ്റിംഗ് ഷാൻ മുഹമ്മദ്, മ്യൂസിക് വിഷ്ണു വിജയ് എന്നിവരാണ് കൈകാര്യം ചെയ്തിരിക്കുന്നത്. തീർച്ചയായും ഒരു സംവിധായകന്റെ, തിരക്കഥാകൃത്തിന്റെ സിനിമ എന്ന് നമ്മുക്ക് നിസ്സംശയം പറയാവുന്ന, കാലികപ്രസക്തിയുള്ള ഒരു വിഷയം കൈകാര്യം ചെയ്യുന്ന,കേരളം കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് പട.