മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ മധുരരാജക്കു ശേഷം വൈശാഖ് സംവിധാനം ചെയ്ത് ഇന്ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് നൈറ്റ് ഡ്രൈവ്. നവാഗതനായ അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രണയിതാക്കളായ യൂബർ ഡ്രൈവറായ ജോർജിയും മാധ്യമ പ്രവർത്തകയായ റിയയും, റിയയുടെ ജന്മദിനത്തിന് ഒരു നൈറ്റ് ഡ്രൈവിന് പോകുന്നതും, ആ ഡ്രൈവ് അവരെ കൊണ്ടെത്തിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും അത് അവർ എങ്ങനെ തരണം ചെയ്യുന്നു എന്നതുമാണ് നൈറ്റ് ഡ്രൈവ് എന്ന സിനിമയുടെ ഇതിവൃത്തം.

കോമഡി ട്രാക്കിൽ തുടങ്ങുന്ന ചിത്രം കഥ പുരോഗമിക്കുന്നതിനോടൊപ്പം പതിയെ ത്രില്ലെർ പശ്ചാത്തലത്തിലേക്ക് മാറും. അഭിലാഷ് പിള്ളയുടെ മികച്ച സ്ക്രിപ്റ്റും അത് വളരെ മനോഹരമായി സ്ക്രീനിൽ എത്തിച്ച വൈശാഖിന്റെ സംവിധാന മികവും മികച്ച ഒരു തിയേറ്റർ അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. വൈശാഖ് സിനിമകളിൽ സാധാരണ കാണാറുള്ളപോലെ ഉള്ള വല്യ താര നിരയൊന്നും ഇല്ലാത്ത ഒരു ചിത്രം കൂടിയാണ് നൈറ്റ് ഡ്രൈവ്.

എന്നിരുന്നാലും ചിത്രത്തിലെ അഭിനേതാക്കൾ എല്ലാം മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചിട്ടുള്ളത്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച റോഷൻ മാത്യു, ഇന്ദ്രജിത്ത് സുകുമാരൻ, അന്ന ബെൻ എന്നിവരുടെ പ്രകടനങ്ങൾ ആണ് സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത്. മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിദ്ദിഖ്, കൈലാഷ്, കലാഭവൻ ഷാജോൺ, സുധിർ കരമന, സന്തോഷ് കീഴാറ്റൂർ, ശ്രീകാന്ത് മുരളി, മുത്തുമണി,ശ്രീവിദ്യ മുല്ലൻചേരി, അലക്സാണ്ടർ പ്രശാന്ത്, സൈജു ശ്രീധർ,രഞ്ജി പണിക്കർ, സോഹാൻ സീനുലാൽ തുടങ്ങിയ എല്ലാവരും മികച്ച രീതിയിൽ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായഗ്രഹകൻ. രഞ്ജിൻ രാജാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം തിയേറ്ററുകളിൽ പോയി കണ്ടാസ്വദിക്കാൻ പറ്റുന്ന ഒരു ത്രില്ലെർ ചിത്രമാണ് നൈറ്റ് ഡ്രൈവ്.
