മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത സിനിമയാണ് ബിഗ് ബി. ഒരുപാട് ആരാധകരുള്ള ഒരു ചിത്രമാണ് ബിഗ് ബി. അമൽ നീരദിന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ബിഗ് ബി. കേരളത്തിൽ വലിയ തരംഗം സൃഷ്ടിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബിലാൽ 2017 ൽ അനൗൺസ് ചെയ്തിരുന്നു. വലിയ ആവേശത്തോടെയാണ് ബിലാലിനായി ആരാധകർ കാത്തിരിക്കുന്നത്.

കോവിഡ് പ്രതിസന്ധി മൂലം ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാത്തത്. ഇതേ കൂട്ടുകെട്ടിൽ തന്നെ മാർച്ച് മൂന്നിന് പുറത്തിറങ്ങിയ ഭീഷ്മ പർവ്വത്തിന്റെ വമ്പൻ വിജയം ബിലാൽ ഉള്ള ആരാധകരുടെ പ്രതീക്ഷ കൂട്ടിയിരിക്കുകയാണ്. ചിത്രത്തിന്റെ വർക്കുകൾ ഉടൻ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇപ്പോൾ ബിഗ് ബി തമിഴിൽ ഒരുങ്ങുന്നു എന്നാണ് വിവരം. നടിപ്പിൻ നായകൻ സൂര്യയാണ് തമിഴിൽ ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രമായി എത്തുന്നത് എന്നാണ് വാർത്തകൾ.

തന്റെ പുതിയ ചിത്രമായ എതിർക്കും തുനിതവന്റെ പ്രമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയപ്പോഴായിരുന്നു സൂര്യ അമൽ നീരദ് ചിത്രത്തെക്കുറിച്ചുള്ള സൂചന നൽകിയത്. അമൽ നീരദ് തന്നോട് ഒരു കഥ പറഞ്ഞിട്ടുണ്ടെന്നും അത് തനിക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടെന്നും ഉടൻതന്നെ ആ സിനിമ നടക്കട്ടെ എന്നും സൂര്യ പറഞ്ഞു. അത് മമ്മൂട്ടി അഭിനയിച്ച ഒരു ഒരു മലയാള സിനിമയുടെ റീമേക്ക് ആണെന്ന സൂചനയും സൂര്യ നൽകി. അത് ബിഗ് ബിയുടെ റീമേക്ക് തന്നെയാണ് എന്നാണ് ആരാധകരുടെ അഭിപ്രായം.

ഏതായാലും ബിലാൽ ജോൺ കുരിശിങ്കലായി സൂര്യ എത്തുന്നതും കാത്തിരിക്കുകയാണ് ആരാധകർ. സൂര്യയുടെ പുതിയ ചിത്രമായ എതിർക്കും തുനിതവൻ മാർച്ച് പത്തിന് തിയേറ്ററുകളിലെത്തും. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പാട്ടുകൾക്കും ട്രെയിലറിനും നല്ല അഭിപ്രായമാണ് കിട്ടിയിട്ടുള്ളത്. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പുറത്തിറങ്ങിയ ഭീഷ്മപർവ്വം ആണ് അമൽ നീരദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം. ചിത്രം 50 കോടിയും കടന്ന് വലിയ വിജയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാൽ ഷൂട്ടിംഗ് ഉടൻ തുടങ്ങുമെന്നാണ് പ്രതീക്ഷ.
